അല്ലിയാമ്പൽ കടവായി കുട്ടനാട്

തലവടി പാടശേഖരത്തിലെ ആമ്പൽ വസന്തം
വി കെ വേണുഗോപാൽ
Published on Sep 15, 2025, 01:28 AM | 1 min read
മങ്കൊമ്പ് "
ആമ്പല്‍ പൂവേ അണിയം പൂവേ'– പാട്ടിൽ നിറയുന്ന ആന്പൽപ്പൂ ശോഭ കാണാം കുട്ടനാടൻ പാടശേഖരങ്ങളിൽ. ഭൂരിഭാഗം പാടങ്ങളിലും ഇപ്പോൾ ആമ്പൽവസന്തമാണ്. കഴിഞ്ഞ പുഞ്ചക്കൃഷിക്കുശേഷം വെള്ളം നിറഞ്ഞ പാടങ്ങളിലാണ് കണ്ണിന് കുളിർമയേകുന്ന കാഴ്‌ച. നീലംപേരൂർ പഞ്ചായത്തിലെ 600 ഏക്കർ വാലടി പാടശേഖരത്തിലാണ് കൂടുതലായി ആമ്പൽ പൂത്തുലഞ്ഞ് നിൽക്കുന്നത്. കോഴിച്ചാൽ തെക്ക് പാടശേഖരത്തിലും ചുവന്ന ആമ്പൽ ഭംഗി ആസ്വാദിക്കാം. കുട്ടനാട് അല്ലിയാമ്പൽ കടവുപോലായതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദിവസവും പുലർച്ചെമുതൽ നിരവധിയാളുകളാണ് ആമ്പൽപ്പാടം കാണാനും മനോഹരദൃശ്യം പകർത്താനും ദൂരെനിന്നുവരെ എത്തുന്നത്. ഇൗ ചുവപ്പൻ വസന്തം തീരുംമുന്പ് കാണാൻ ജനം തിരക്കുകൂട്ടുന്നു. പുഞ്ചക്കൃഷിക്കായി പാടത്ത് പമ്പിങ് ആരംഭിക്കുന്നതോടെ ഈ മനംകുളിരും കാഴ്‌ച അന്യമാകും. കുട്ടനാട്ടിൽ തരിശിട്ട പാടശേഖരങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആമ്പൽ വളർത്തിയാൽ കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്. ഇത് പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന പദ്ധതിയാക്കി മാറ്റാനുമാകും. വള്ളങ്ങളിൽ ആന്പൽപ്പാടത്തിലൂടെ സഞ്ചരിക്കാനാകുന്ന സൗകര്യംകൂടി ഒരുക്കിയാൽ കാഴ്‌ചവസന്തം കുടുതൽ ഹൃദ്യമാകും.









0 comments