വോട്ട് ഇടിഞ്ഞു: ബിജെപിയിൽ കലഹം


സ്വന്തം ലേഖകൻ
Published on May 07, 2026, 12:59 AM | 1 min read
ആലപ്പുഴ
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് ജില്ലയിൽ ബിജെപിയിലെ കലഹം രൂക്ഷമാക്കി. സ്ഥാനാർഥികളെ നിശ്‌ചയിച്ചതിനെക്കുറിച്ച് സംസ്ഥാന സമിതിക്ക് പരാതി പ്രളയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയവരെയാണ് സ്ഥാനാർഥികളാക്കിയതെന്നും ഇതിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടായിരുന്നെന്നും ചില മുതിർന്ന നേതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ബിജെപിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും നേതാക്കൾക്കെതിരെ രൂക്ഷവിമർശം തുടരുകയാണ്. ജില്ലയിലെ മണ്ഡലങ്ങളിൽ ഹരിപ്പാട്ട് മാത്രമാണ് ബിജെപി വോട്ട് വർധിപ്പിച്ചത്. അവിടെ മത്സരിച്ച സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്‌പതിക്ക് 13,132 വോട്ടുകൾ കൂടി. ആലപ്പുഴയിൽ ബിജെപിക്ക് 2021 നെ അപേക്ഷിച്ച് 6277 വോട്ടുകൾ കുറഞ്ഞു. അന്പലപ്പുഴയിൽ 6041 വോട്ട് കുറഞ്ഞു. ചെങ്ങന്നൂരിൽ 3551, മാവേലിക്കരയിൽ 7755 വോട്ടുകൾ വീതമാണ് കുറഞ്ഞത്. എന്നാൽ, ബിഡിജെഎസ് മത്സരിച്ച അരൂർ, കായംകുളം, കുട്ടനാട്, ചേർത്തല മണ്ഡലങ്ങളിൽ നേരിയ തോതിൽ വോട്ട് വർധിച്ചു. ചില സമുദായ സംഘടനകൾ സ്ഥാനാർഥി നിർണയത്തിൽ പരിധിവിട്ട് ഇടപെട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ജില്ലാ നേതൃത്വങ്ങളുടെ പിടിപ്പുകേടാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. അതിനാൽ രണ്ട് സംഘടനാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടണമെന്ന് സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതികളിലൊന്നിൽ പറയുന്നു.










0 comments