ക്ലാസാണ് വിനോദ് മാഷിന്റെ കൃഷിപാഠം

വിനോദ്കുമാർ കൃഷിത്തോട്ടത്തിൽ
ആർ ബിനു
Published on Jul 17, 2025, 03:30 AM | 1 min read
ചാരുംമൂട്
ക്ലാസ്‌മുറിയിലെ പാഠങ്ങൾക്ക് പുറമേ മണ്ണിലെ ജീവിതപാഠങ്ങളിലും പുതുതലമുറയ്‌ക്ക് മാതൃകയാകുകയാണ് താമരക്കുളം വിവി എച്ച്എസ്എസിലെ ഹിന്ദി അധ്യാപകൻ വിനോദ്കുമാർ. 80 സെന്റ് സ്ഥലത്ത് ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, ചാര പൂവൻ എന്നീ ഇനങ്ങളിലെ വാഴകൾ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മത്തൻ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളിലൂടെ കഴിഞ്ഞ രണ്ട് വർഷമായി പൊന്നുവിളയിക്കുകയാണ് ഈ അധ്യാപകൻ. വഴുതന, വെണ്ട, കോവൽ, തക്കാളി, കറിവേപ്പ്, പച്ചമുളക്, ചീര, പടവലം, പാവൽ, കുരുമുളക് തുടങ്ങി പച്ചക്കറിയിനങ്ങളും പപ്പായത്തോട്ടവും കൂൺകൃഷിയും ബന്ദികൃഷിയും ചുനക്കര പഞ്ചായത്ത് ഏഴാം വാർഡിൽ കോമല്ലൂർ മെഴുവേലിലെ വിനോദ്കുമാറിന്റെ തോട്ടത്തിലുണ്ട്. കൂടാതെ 10 വർഷമായി ആടുവളർത്തലും ചെയ്‌തുവരുന്നു. വളമായി ആടിന്റെയും കോഴിയുടെയും കാഷ്‌ഠവും കീടനിയന്ത്രണത്തിന് ജൈവകീടനാശിനികളും മാത്രം ഉപയോഗിച്ച് പ്രകൃതിയോടിണങ്ങിയ കൃഷിരീതിയാണ് പിന്തുടരുന്നത്. എഴുപതോളം തെങ്ങ്, മാവ്, അഗത്തി ചീര, അടയ്‌ക്കാമരം എന്നിവയും വളർത്തുന്നു. കഴിഞ്ഞവർഷം മുന്നൂറോളം നേന്ത്രക്കുലകൾ വിനോദ്‌കുമാർ കൃഷിത്തോട്ടത്തിൽ വിളയിച്ചെടുത്തു. കരിമുളയ്‌ക്കൽ ഐഎഫ്പിസിഎൽ കാർഷികവിപണിയിലൂടെയാണ് വിനോദ്കുമാർ തന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. മണ്ണിനോടുള്ള സ്നേഹവും സ്വയംപര്യാപ്‌തതയെന്ന ലക്ഷ്യവുമാണ് കാൽനൂറ്റാണ്ടായി അധ്യാപനരംഗത്ത് പ്രവർത്തിക്കുന്ന വിനോദ്മാഷിനെ കാർഷികരംഗത്തേക്ക് നയിച്ചത്. സാങ്കേതിക ഉപദേശങ്ങൾ നൽകി ചുനക്കര കൃഷി ഓഫീസറും മുൻ കൃഷി ഓഫീസർ വള്ളികുന്നം രാമചന്ദ്രനും ചുനക്കര കൃഷിഭവൻ ഉദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ട്. മക്കളായ വിനായകും വൈഷ്‌ണവിയും ജിഎസ്ടി വകുപ്പിൽ സീനിയർ ക്ലർക്കായ ഭാര്യ രശ്‌മിയും ഭാര്യയുടെ മാതാപിതാക്കളായ രാധാകൃഷ്‌ണൻനായരും രമാദേവിയും വിനോദ്‌കുമാറിന്റെ കാർഷികോദ്യമത്തിന് പരിപൂർണ പിന്തുണ നൽകുന്നുണ്ട്.









0 comments