ചരിത്രം ആവർത്തിക്കാൻ വെളിയനാട്

പുളിങ്കുന്നിലെ താലൂക്ക് ആസ്ഥാന ആശുപത്രി
വി കെ വേണുഗോപാൽ
Published on Nov 13, 2025, 01:19 AM | 1 min read
മങ്കൊമ്പ്
രൂപീകരിച്ച കാലം മുതൽ എൽഡിഎഫിനോട് ചേർന്നുനിന്ന ചരിത്രമാണ് വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് ഉള്ളത്. ഇത്തവണയും ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, മുട്ടാർ പഞ്ചായത്തുകൾ ചേർന്നതാണ് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്. അഞ്ചു വർഷം ഭരണ സമിതി പ്രധാനമായും ആരോഗ്യമേഖലക്കും കാർഷിക മേഖലയ്‌ക്കുമാണ് മുൻതൂക്കം നൽകിയത്. കുട്ടനാട് താലൂക്കാശുപത്രി, വെളിയനാട് കമ്യൂണിറ്റി സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നൽകിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്നാണ് കുട്ടനാട് ആശുപത്രി താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയർന്നത്. കിഫ്‌ബി വഴി ആശുപത്രി കെട്ടിട നിർമാണത്തിന് 106. 43 കോടി രൂപയുടെ അനുമതി ലഭിച്ചു. ആറ് നിലകളിലായി 10,275 ചതുരശ്ര അടി വലിപ്പത്തിലാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. എന്നാൽ ആശുപത്രിയിലേക്ക് അഗ്‌നി രക്ഷാ സംവിധാനത്തിന് എത്തിച്ചേരാൻ റോഡ് ഇല്ലായിരുന്നു. ഇതിനായി 1.37 ഏക്കർ ഭൂമി ജനകീയ സമിതി രൂപീകരിച്ച് പണം സമാഹരിച്ച് വാങ്ങി. 35 ലക്ഷം രൂപ അനുവദിച്ച് നാല് മീറ്റർ വീതിയിൽ റോഡ് പൂർത്തിയാക്കി.തുടർപ്രവർത്തനങ്ങൾ കിഫ്ബിയുടെ നേതൃത്വത്തിൽ നടക്കും. ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി, പുരുഷന്മാരുടെ പഴയ വാർഡ് നവീകരിച്ചു, ആധുനിക എ സി ലാബ് സംവിധാനം ഏർപ്പെടുത്തി. ഓട്ടോമാറ്റിക് ബയോകെമിസ്‌ട്രി അനലൈസർ സ്ഥാപിച്ചു, ലാബ് കന്പ്യൂട്ടറൈസ് ചെയ്‌തു, പുതിയ എക്സ്റേ മെഷിൻ സ്ഥാപിച്ചു, 18 ലക്ഷം രൂപ ചെലവിൽ പുതിയ കന്പ്യൂട്ടറൈസ്‌ഡ് എക്‌സ്‌റേ ഡെവലപ്പർ സ്ഥാപിച്ചു. മികച്ച സൗകര്യങ്ങളുള്ള കാഷ്വാലിറ്റി, അത്യാഹിത വിഭാഗം, ശീതീകരണ സംവിധാനവുമുള്ള ആധുനിക മോഡുലാർ ഫാർമസി, ഫിസിയോതെറാപ്പി യൂണിറ്റ് , പാലിയേറ്റിവ് കെയർ ഒപി, എമർജൻസി ഓപറേഷൻ തിയറ്റർ തുടങ്ങിയവ സ്ഥാപിച്ചു. കൂടാതെ പാടശേഖരങ്ങൾക്ക് വെർട്ടിക്കൽ ആക്‌സിസ് പന്പ്, തോടിന് ആഴംകൂട്ടൽ, കല്ലുകെട്ട്, തരിശുനിലം കൃഷിയോഗ്യമാക്കൽ, വയോജനങ്ങൾക്കായി തുടർബാല്യം പദ്ധതി, എ സി പഠനമുറികൾ തുടങ്ങിയവയും ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കി.









0 comments