കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു
യൂറിയ ക്ഷാമം രൂക്ഷം: നട്ടംതിരിഞ്ഞ് കർഷകർ

വി കെ രഘുപ്രസാദ്
Published on Dec 11, 2025, 12:30 AM | 1 min read
പാലക്കാട്
രാസവളത്തിന്റെ പ്രതിമാസ വിഹിതം കേന്ദ്രസർക്കാർ പകുതിയാക്കി വെട്ടിക്കുറച്ചതോടെ യൂറിയ ഉൾപ്പെടെ കിട്ടാനില്ലാതെ ദുരിതത്തിലായി കർഷകർ. യൂറിയ, പൊട്ടാഷ് ഉൾപ്പെടെയുള്ളവയുടെ വിഹിതമാണ് വെട്ടിക്കുറച്ചത്. ഒക്ടോബറിൽ 15,250 ടൺ യൂറിയയാണ് കേരളത്തിന് അനുവദിക്കേണ്ടത്. എന്നാൽ, 9702.19 ടൺ മാത്രമാണ് നൽകിയത്. നവംബറിൽ 14,200 ടണ്ണിന് പകരം അനുവദിച്ചത് 6306.985 ടൺ. യൂറിയ ഇറക്കുമതി നിയന്ത്രിക്കാനുള്ള കേന്ദ്രതീരുമാനമാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. യൂറിയ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ജില്ലയിലെ അരലക്ഷത്തിലധികം വരുന്ന കർഷകരാണ് യൂറിയ ക്ഷാമംമൂലം വെട്ടിലായത്. രണ്ടാംവിള കൃഷി നടക്കുന്ന സമയത്ത് യൂറിയ ക്ഷാമം വിളവിനെ പ്രതികൂലമായി ബാധിക്കുന്നു. നടീലിനുശേഷം അടിവളമിട്ട് കഴിഞ്ഞാൽ നാൽപ്പത് ദിവസത്തിനകം യൂറിയ ഇടണം. എന്നാൽ, മാത്രമേ മികച്ച വിളവ് ലഭിക്കൂ. രണ്ട് തവണയെങ്കിലും യൂറിയ ഇടണം. ഡിസംബർ മൂന്നാം വാരമാകുമ്പോഴേക്കും യൂറിയ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ രണ്ടാംവിള നെല്ല് ഉൽപ്പാദനം ഗണ്യമായി കുറയും. ഒരേക്കർ നെൽകൃഷിക്ക് നൂറുകിലോ അടിവളം, 50 കിലോ യൂറിയ, 40 കിലോ പൊട്ടാഷ് എന്നിങ്ങനെയാണ് വേണ്ടത്. രണ്ടുമാസമായി ക്ഷാമമുണ്ടെങ്കിലും ഇപ്പോൾ തീരെ കിട്ടാനില്ലാത്ത അവസ്ഥയാണ്.









0 comments