പൊലീസിനെ ആക്രമിച്ച് മുതലെടുപ്പിന് യുഡിഎഫ് ശ്രമം: ടി പി രാമകൃഷ്‌ണൻ

പുന്നപ്ര-–വയലാർ-–മാരാരിക്കുളം രക്തസാക്ഷി വാർഷികത്തിന്റെ ഭാഗമായി ചെറുവാരണം മേഖലാ വാരാചരണ കമ്മിറ്റി കുന്നത്താപറമ്പ് ജങ്ഷനിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
പൊലീസിനെ ആക്രമിച്ച് പ്രശ്നമുണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. പേരാമ്പ്രയിൽ പൊലീസിനുനേരെ സ്‌ഫോടകവസ്‌തു എറിഞ്ഞു. യുഡിഎഫ് നേതാവ് സ്ഥലത്തുവന്ന് അക്രമത്തിന് നേതൃത്വം കൊടുത്തു. പുന്നപ്ര-–വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ചെറുവാരണം മേഖലാ വാരാചരണ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം മുതൽ പൊലീസിനെ ആക്രമിച്ച് കുഴപ്പങ്ങളുണ്ടാക്കാൻ യുഡിഎഫ് ശ്രമിച്ചുവരികയാണ്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ ഏറ്റവുമടുത്ത സഖ്യകക്ഷികൾ മതരാഷ്‌ട്രവാദികളായ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ്. ഇത്തരം വെല്ലുവിളികളെ ജനാധിപത്യവിശ്വാസികൾ ചെറുത്തുതോൽപ്പിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത് നവകേരളം സൃഷ്‌ടിക്കുന്ന പ്രവർത്തനങ്ങളുമായാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ കോർപറേറ്റുകളുടെയും വർഗീയശക്തികളുടെയും കൂട്ടായ്‌മ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് തിരിച്ചറിയണമെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ജിജോ രാധാകൃഷ്ണൻ അധ്യക്ഷനായി .കെ ബി ബിമൽറോയ് , ബി സലിം, സി പി ദിലീപ്, എം സന്തോഷ് കുമാർ, ആർ അശ്വിൻ, ബൈ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.വാരാചരണ കമ്മിറ്റി സെക്രട്ടറി കെ സുരജിത്ത് സ്വാഗതം പറഞ്ഞു.










0 comments