Deshabhimani

ഇന്ന് അന്താരാഷ്‍ട്ര പുരുഷദിനം

ഓര്‍മത്താളിൽ ആലപ്പുഴയുടെ "ശ്രീമാൻ'

പി ജെ കുര്യൻ

പി ജെ കുര്യൻ

avatar
അനിൽ വി ആനന്ദ്

Published on Nov 19, 2026, 01:43 AM | 1 min read

ആലപ്പുഴ

പുരുഷന്മാര്‍ക്കായി ഒരു മാസിക മലയാളത്തിലുണ്ടോ? ഉണ്ടായിരുന്നു, ആലപ്പുഴയിൽനിന്ന് പ്രസിദ്ധീകരിച്ച "ശ്രീമാൻ'. "പുരുഷൻ സ്‍ത്രീയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ശ്രീമാൻ എല്ലായ്‍പ്പോഴും സ്‍ത്രീ പക്ഷത്തുതന്നെയായിരിക്കും. എന്നാൽ പുരുഷന്മാരുടെ വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്' എന്ന പ്രഖ്യാപനത്തോടെ 2013 മേയിലാണ് പ്രഥമ പുരുഷ മാസിക എന്ന വിശേഷണത്തോടെ "ശ്രീമാൻ' പുറത്തിറങ്ങിയത്. പൊതുപ്രവര്‍ത്തകനും ആലപ്പുഴ ചുങ്കം സ്വദേശിയുമായ പി ജെ കുര്യനായിരുന്നു ചീഫ് എഡിറ്ററും പ്രസാധകനും. ഗാര്‍ഹിക പീഡന നിരോധന നിയമം, മദ്യം, മയക്കുമരുന്ന്, മൊബൈൽ ദുരുപയോഗം എന്നിവ സംബന്ധിച്ച ബോധവൽക്കരണവും ലക്ഷ്യങ്ങളായിരുന്നു. സിനിമ, രാഷ്‍ട്രീയം, ആരോഗ്യം, കഥ, കവിത, ചോദ്യോത്തരം, വനിതാ രംഗം തുടങ്ങിയവയും ഉള്ളടക്കത്തിലുണ്ടായിരുന്നു. 3000 കോപ്പികളാണ് ആദ്യം ലക്കം അച്ചടിച്ചത്. 20 രൂപയായിരുന്നു വില. വാര്‍ഷിക വരിസംഖ്യ 250 രൂപ. പുരുഷന്മാര്‍ തങ്ങളുടെ കഥ പറയുമെങ്കിലും സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ മടികാട്ടിയെന്ന് കുര്യൻ പറയുന്നു. വ്യാജപേരുകളിൽ പ്രസിദ്ധീകരിക്കാൻ " ശ്രീമാനും' താൽപ്പര്യമുണ്ടായില്ല. സമകാലിക വിഷയങ്ങള്‍ മാസികയുടെ പ്രധാന ഉള്ളടക്കമായി. 2021 വരെ പ്രസിദ്ധീകരിച്ചെങ്കിലും കുര്യന് അപകടമുണ്ടായതോടെ മുടങ്ങി. 2025ൽ വീണ്ടും രണ്ട് ലക്കം പുറത്തിറക്കിയെങ്കിലും തുടരാനായില്ല.

ട്രെയിൻ കയറി "ശ്രീമാൻ '

തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പി ജെ കുര്യനെ യുവതീ യുവാക്കള്‍ കൗൺസലിങ്ങിന് സമീപിക്കുമായിരുന്നു. "പുരുഷന്‍മാരുടെ നിരവധി വിഷയങ്ങളും നേരിട്ടറിഞ്ഞു. പുരുഷന്മാര്‍ക്കായി മാസിക തുടങ്ങണമെന്ന് ആവശ്യപ്പെട്ട് എൺപതുകളിൽ പ്രമുഖ പത്രത്തിന് കത്തെഴുതി. അവരത് തുടങ്ങിയില്ല. പിന്നീടാണ്‌ സ്വയം തുടങ്ങുന്നത്. ഇത്തരം വിഷയങ്ങളുയര്‍ത്തിയ ജനമിത്രം ജനകീയ നീതിവേദി സംഘടനയുടെ പ്രേരണയുമുണ്ടായിരുന്നു. ട്രെയിനുകളിലായിരുന്നു വിൽപ്പന കൂടുതൽ. ദീര്‍ഘദൂര ട്രെയിനുകളിലെ മലയാളി യാത്രക്കാര്‍ വഴി മറുനാട്ടുകാരിൽനിന്നും പ്രതികരണമുണ്ടായി. ട്രെയിനുകളിൽ വിൽപ്പനയ്‍ക്ക് നിയന്ത്രണം വന്നത് തിരിച്ചടിയായി' – കുര്യൻ പറഞ്ഞു. 2004ലും 2009ലും ജെഡിയു സ്ഥാനാർഥിയായി ആലപ്പുഴയിൽനിന്ന് ലോക്‍സഭയിലേക്ക് മത്സരിച്ചു. നിലവിൽ ആര്‍ജെഡി ജില്ലാ സെക്രട്ടറിയും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home