മീൻപിടിത്തവും കക്കാവാരലും പ്രതിസന്ധിയിൽ
വേമ്പനാട് കായലിന് ഭീഷണി

പള്ളിപ്പുറം തവണക്കടവിൽ വേമ്പനാട്ട് കായലിൽ മണൽഖനനത്തിന് ഉപയോഗിക്കുന്ന ഡ്രഡ്ജർ
ടി പി സുന്ദരേശൻ
Published on Nov 19, 2026, 01:46 AM | 1 min read
ചേർത്തല
പള്ളിപ്പുറം തവണക്കടവ് ഭാഗത്ത് വേന്പനാട് കായലിൽനിന്ന് അനിയന്ത്രിതമായി മണൽ ഖനനംചെയ്യുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതായി തീരവാസികൾ. ദേശീയപാത പുനർനിർമാണത്തിനാണ് എൻഎച്ച്എ കായലിലെ മണൽ എടുക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരമാണിത്. വെള്ളപ്പൊക്കം തടയാൻ കായലിന്റെ ആഴം വർധിപ്പിക്കണമെന്ന നിർദേശം പരിഗണിച്ചും നിർമാണപ്രവർത്തനത്തിന് മണൽ ലഭ്യതക്കുറവ് പ്രതിസന്ധിയായതും കണക്കിലെടുത്താണ് ഖനനം അനുവദിച്ചത്. എന്നാൽ സർക്കാർ അനുമതിയുടെ മറയിൽ തീരത്തോടുചേർന്ന് വലിയ ആഴത്തിൽ മണൽ എടുക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. അഗാധഗർത്തമുണ്ടാക്കുംവിധമാണ് ഡ്രഡ്ജർ ഉപയോഗിച്ച് ഖനനമെന്ന് മത്സ്യ–കക്കാ തൊഴിലാളികൾ പറയുന്നു. ദിവസവും നൂറുകണക്കിന് ലോഡ് മണൽ ടോറസ് ലോറികളിൽ കൊണ്ടുപോകുന്നു. കായൽജീവികളുടെ ആവാസവ്യവസ്ഥ തകർക്കുന്നതാണ് മണൽ ഖനനമെന്ന് തൊഴിലാളികൾ പറയുന്നു. അടിത്തട്ട് ഘടന താറുമാറായതോടെ കക്കകളുടെയും മത്സ്യത്തിന്റെയും പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നു. മത്സ്യബന്ധനവും കക്കാവാരലും പ്രതിസന്ധിയിലായി. ക്രമേണ തീരം ഇടിയാനുള്ള സാധ്യതയും ആശങ്ക സൃഷ്ടിക്കുന്നു. ഭാരംകയറ്റിയ ലോറികളുടെ തുടരെയുള്ള സഞ്ചാരം ഗ്രാമീണറോഡുകൾ താറുമാറാക്കി. സുരക്ഷിത ജീവിതംപോലും വെല്ലുവിളിയിലായെന്ന് തീരവാസികൾ പറയുന്നു. കായലിന് 3.5 കിലോമീറ്ററോളം വീതിയുണ്ടെങ്കിലും തീരത്തുനിന്ന് 500 മീറ്ററിനുള്ളിലാണ് ഖനനം. കഴിഞ്ഞമാസംവരെ 1.43 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് എടുത്തതായാണ് സർക്കാർ കണക്ക്.
മത്സ്യത്തൊഴിലാളി പ്രതിഷേധം ഇന്ന്
അനിയന്ത്രിത മണൽഖനനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖനനകേന്ദ്രത്തിൽ വ്യാഴാഴ്ച പ്രതിഷേധിക്കും. മത്സ്യത്തൊഴിലാളി യൂണിയൻ(സിഐടിയു) ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് പ്രക്ഷോഭം. രാവിലെ ചെറുവള്ളങ്ങളിൽ എത്തിയാകും തൊഴിലാളികൾ പ്രതിഷേധിക്കുക. യൂണിയൻ നേതൃത്വത്തിൽ കഴിഞ്ഞദിവസം സമരപ്രഖ്യാപന കൺവൻഷൻ ചേർന്നിരുന്നു. പ്രതിഷേധത്തിൽ അണിചേരാൻ യൂണിയൻ ഏരിയ പ്രസിഡന്റ് വി വി സനിൽകുമാറും സെക്രട്ടറി പി എസ് ബാബുവും അഭ്യർഥിച്ചു.








0 comments