മണ്ണാറശാല ആയില്യത്തിന് ആയിരങ്ങൾ

ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ നടന്ന ആയില്യം എഴുന്നള്ളത്ത്
ഹരിപ്പാട്
മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്ത് ദർശിക്കാൻ ആയിരങ്ങൾ. നാനാദേശങ്ങളിൽനിന്നുള്ളവരാണ് ആയില്യ ഉത്സവത്തിന് എത്തിയത്. മുഖ്യപൂജാരിണി വലിയമ്മ സാവിത്രി അന്തർജനം നാഗരാജ വിഗ്രഹം കൈയിലെന്തി എഴുന്നള്ളത്തിന് നേതൃത്വം നൽകി. ഇളയമ്മ സതി അന്തർജനം സർപ്പയക്ഷി വിഗ്രഹവും വഹിച്ചു. കുടുംബാംഗങ്ങളായ എം ജി ജയകുമാർ നാഗയക്ഷി അമ്മയുടെയും എം എസ് ശ്യാംസുന്ദർ നാഗചാമുണ്ഡി അമ്മയുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു. പകൽ 1.10ന് അമ്മ ഓലക്കുട ചൂടി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. 1.24ആയപ്പോൾ ശംഖുവിളിയും മണിനാദവും പഞ്ചവാദ്യവും വാദ്യമേളങ്ങളും മുഴങ്ങിയതോടെ എഴുന്നള്ളത്തിന് തുടക്കമായി. സ്ത്രീകൾ കുരവയിട്ടു. ജനങ്ങൾ ശരണമന്ത്രങ്ങൾ ഉരുവിട്ടു.
വലിയമ്മയും ഇളയമ്മയും കാരണവന്മാരും വിഗ്രഹങ്ങളുമേന്തി ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങിയതോടെ പുള്ളുവസംഘം കുടംകൊട്ടി വീണ മീട്ടി ഉറക്കെ പാടി. തുടർന്ന് ക്ഷേത്രത്തിന് വലംവയ്ക്കാൻ തുടങ്ങി. ഛത്ര -ചാമര -ധ്വജങ്ങൾ അകമ്പടിയായി. മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുമുണ്ടായി. ഏറ്റവും മുന്നിൽ പത്തംഗ സംഘം വള്ളപ്പാട്ടുമായി നീങ്ങി. വലംവച്ചശേഷം എഴുന്നള്ളത്ത് നേരെ ഇല്ലത്തേക്ക് നീങ്ങി. വഴിത്താരയ്‌ക്ക് ഇരുവശവും ജനങ്ങൾ തിങ്ങി നിറഞ്ഞുനിന്നു.
1.50ന് എഴുന്നള്ളത്ത് ഇല്ലത്തെത്തി. നിലവറയ്ക്കുമുമ്പിലെ തളത്തിൽ നാഗപദ്മക്കളത്തിന് സമീപം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു വലിയമ്മ. ആയില്യം പൂജകൾക്കും തുടക്കമായി. രാവേറെ നീണ്ട പൂജകൾക്കുശേഷം ആകാശ സർപ്പങ്ങൾക്കും പാതാള സർപ്പങ്ങൾക്കും നൂറും പാലും. ഇതോടെ ആയില്യമെഴുന്നള്ളത്തിനും സമാപ്‌തി.







0 comments