തോട്ടില്‍ വീണകുട്ടിക്ക് കൂട്ടുകാരൻ രക്ഷകനായി
ഇതാണ് മോനേ ധൈര്യം...

മങ്കൊമ്പ്
ട്യൂഷനുപോകും വഴി കല്‍ക്കെട്ടില്‍നിന്ന് കാലുതെറ്റി തോട്ടില്‍ വീണ ഒന്നാംക്ലാസുകാരനെ കൂട്ടുകാരനായ അഞ്ചാം ക്ലാസുകാരന്‍ സാഹസികമായി രക്ഷിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡ് പത്തില്‍വടക്കേച്ചിറ പ്രജിത്ത്–--രാഖി ദമ്പതികളുടെ ഇളയമകന്‍ കാവാലം ഗവ. എല്‍പിഎസ് വിദ്യാര്‍ഥി അഭിദേവാണ് അപകടത്തില്‍പ്പെട്ടത്. കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡ് ബാബു നിലയത്തില്‍ അനില്‍കുമാര്‍–--അനുമോള്‍ ദമ്പതികളുടെ മകന്‍ അനുഗ്രഹാണ് തോട്ടിലേക്ക് ചാടി കുട്ടിയെ രക്ഷിച്ചത്. വ്യാഴം വൈകിട്ട് 5.30നായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയശേഷം അനുഗ്രഹും അഭിദേവും കൂട്ടുകാരുമൊത്ത് പെരുമാള്‍ ജെട്ടിക്കടുത്തുള്ള വീട്ടിലേക്ക് ട്യൂഷന് പോകുകയായിരുന്നു. കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞുപോകവേയാണ് അഭിദേവ് കാല്‍തെറ്റി സമീപത്തെ തോട്ടിലേക്ക് വീണത്. കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ പകച്ചുനിന്നപ്പോള്‍ അനുഗ്രഹ് തോട്ടിലേക്ക് ചാടി സുഹൃത്തിനെ എടുത്തുയര്‍ത്തി സമീപത്തെ കല്‍ക്കെട്ടിനരികെ എത്തിച്ചു. സംഭവം കണ്ട് മറുകരയില്‍ നിന്ന പ്രദേശവാസികൾ നീന്തിയെത്തി അഭിദേവിനെ കരയ്‌ക്ക് കയറ്റി. കാവാലം ഗവ. യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അനുഗ്രഹ്. ഗവ. യുപി സ്‌കൂളിലെ അധ്യാപകരും പിടിഎയും കുട്ടിയെ അനുമോദിച്ചു.











0 comments