തിരക്കിൻ ഉത്രാടം
ആഘോഷത്തിമിർപ്പിൽ തിരുവോണം

ഉത്രാട നാളിൽ ആലപ്പുഴ നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്. മുല്ലയ്ക്കലിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ
തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. ഉത്രാടദിനമായ വ്യാഴാഴ്ച ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കായിരുന്നു എല്ലായിടത്തും. സർക്കാർ വിപണികൾ സജീവമായതും ക്ഷേമപെൻഷനുകൾ കൈകളിലെത്തിയതും ഉത്രാടപ്പാച്ചിലിലേക്ക് ജനങ്ങളെ ഒഴുകിയെത്തിച്ചു. അത്തം മുതൽ ഓണവിപണി സജീവമായിരുന്നു. ഉത്രാടത്തിന് തിരക്ക് പൂർണതയിലെത്തി. വ്യാഴം ഉച്ചയോടെ വൻ ജനത്തിരക്കാണ് ആലപ്പുഴ നഗരത്തിൽ അനുഭവപ്പെട്ടത്. വൈകിട്ടായതോടെ തിരക്ക് കൂടി. മുല്ലയ്ക്കൽ, മാർക്കറ്റ് എന്നിവിടങ്ങളിൽ ഗതാഗതതടസം നേരിട്ടു. ട്രാഫിക് പൊലീസും നോർത്ത് പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. സപ്ലൈകോയുടെ മാവേലി സ്റ്റോറിലും സൂപ്പർ മാർക്കറ്റുകളിലും കൺസ്യൂമർ ഫെഡിന്റെയും ഹോർട്ടി കോർപ്പിന്റെയും ഓണവിപണിയിലും വൻതിരക്കായിരുന്നു. വഴിയോരക്കച്ചവടക്കാരും സജീവമായി. വസ്‌ത്രശാലകൾ, ചെരിപ്പ്, ഫാൻസി ഷോപ്പുകൾ വിലക്കിഴിവും ആനുകൂല്യങ്ങളും നൽകി ജനങ്ങളെ ആകർഷിച്ചു. മുല്ലയ്‌ക്കലിൽ പൂവിൽപ്പന തകൃതിയായി. വെള്ള ജമന്തി, മഞ്ഞ ജമന്തി, വാടാമല്ലി, ഓറഞ്ച് ബന്തി, മഞ്ഞ ബന്തി, റോസ്, ഡാലിയ, എവർ ഗ്രീൻ എന്നിവയാണ് വിൽപ്പനയിൽ മുമ്പിൽ. ഇതിൽ ബന്തി മാത്രമാണ് നാട്ടിൽ കൃഷി ചെയ്‌തത്. എല്ലാ പൂക്കളും കൂടിയുൾപ്പെടുത്തിയ പ്രത്യേക കിറ്റും വിൽക്കുന്നുണ്ട്. റെഡിമെയ്‌ഡ് പൂക്കളവും വിപണിയിലുണ്ട്. സദ്യവട്ടത്തിനുള്ള പച്ചക്കറികൾ വാങ്ങാൻ പൂരാടം മുതൽ തിരക്കായിരുന്നു. ഇതിനൊപ്പം സദ്യയും പായസങ്ങളും ഒരുക്കി കാറ്ററിങ് സർവീസുകളും സജീവമായി. ഇവർ ഓണത്തിനുള്ള ബുക്കിങ് ആഴ്ചകൾക്കു മുമ്പേ പൂർത്തിയാക്കിയിരുന്നു.









0 comments