ട്രോളിങ് നിരോധനം നാളെ തീരും
ചാകരയില്ല; വള്ളങ്ങളും കാലി

വലയൊരുക്കം... കടലിലേക്ക് വലയെറിയുന്നതിന് മുന്നോടിയായി വല വിടർത്തി പരിശോധിക്കുന്ന മത്സ്യത്തൊഴിലാളി. ആലപ്പുഴ ബീച്ചിൽനിന്നാണ് ദൃശ്യം ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

ഫെബിൻ ജോഷി
Published on Jul 30, 2026, 01:24 AM | 1 min read
ആലപ്പുഴ
52 ദിവസത്തെ ട്രോളിങ് നിരോധനകാലത്തും മനസും കീശയുംനിറയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ആലപ്പുഴയുടെ തീരത്ത് മൂന്ന് പതിറ്റാണ്ടായി മുടങ്ങാത്ത ചാകര ഇക്കുറി ഒഴിഞ്ഞുനിന്നു. സാധാരണ വലനിറയ്‌ക്കുന്ന വലിയ മത്തിയും അയലയും ചെമ്മീനുമൊന്നുമുണ്ടായില്ല. വ്യാപകമായി അയലയും മത്തിയും വലയിലെത്തേണ്ട സമയമാണിത്. ചെറിയ നത്തോലിയാണ് ഇക്കുറി ആശ്വാസമായത്. അടുത്ത കാലത്ത് ഏറ്റവും കുറവ് ചെമ്മീൻ കിട്ടിയ വർഷമാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മഴ കുറഞ്ഞതിനാൽ ഇക്കുറി അഞ്ചുമുതൽ പത്തുവരെ ദിവസങ്ങളിൽ മാത്രമാണ് കടലിൽ ഇറങ്ങാൻ കഴിയാഞ്ഞത്. എന്നാൽ കടൽ ഇളകാത്തത് ഇക്കുറി ദുരിതമായി. എൽ നിനോ പ്രതിഭാസത്തിൽ കടലിന്റെ ഉപരിതലത്തിൽ ചൂടുകൂടിയതും മത്സ്യങ്ങൾ തീരം വിടാൻ കാരണമായി. ചെമ്മീന്റെയും അയലയുടെയും മത്തിയുടെയും വരവ് കുറഞ്ഞത് മത്സ്യഅനുബന്ധമേഖലയിലും വലിയ പ്രതിസന്ധിയുണ്ടാക്കി. ഇന്ധന വിലവർധനയും പ്രവർത്തനച്ചെലവും സ്ഥിതിരൂക്ഷമാക്കി. ഭീമമായ പണംമുടക്കി കടലിറങ്ങി കുറച്ച് മീൻ ലഭിച്ചാലും ചെലവ് കഴിഞ്ഞ് തുച്ഛമായ തുകമാത്രമാണ് ലഭിക്കുക. ഇതുകുറഞ്ഞാൽ കടമാകും. വീണ്ടും കടലിലിറങ്ങാൻ വലിയതുക കണ്ടെത്തണം. അതുവരെ തൊഴിൽ നഷ്‌ടമാകും. ട്രോളിങ് നിരോധന കാലത്ത് മീൻപിടിത്തം അനുവദിച്ച 1,524 പരമ്പരാഗതയാനങ്ങൾ ജില്ലയിലുണ്ട്. ഇൻബോർഡ്–ഔട്ട്ബോർഡ് എൻജിനുകൾ ഘടിപ്പിച്ച ഇവയ്‌ക്ക് 12 നോട്ടിക്കൽ മൈൽ വരെ (22.2 കിലോമീറ്റർ) മീൻപിടിക്കാനാണ് അനുവാദം.









0 comments