മുഴങ്ങുന്നു മുളക്കുഴയുടെ മുന്നേറ്റം

ബി സുദീപ്
Published on Nov 27, 2025, 12:27 AM | 1 min read
ചെങ്ങന്നൂർ
ചെറിയനാട് പഞ്ചായത്തിലെ മുഴുവനും മുളക്കുഴ പഞ്ചായത്തിലെ 16, ആലാ പഞ്ചായത്തിലെ ഏഴും പുലിയൂർ പഞ്ചായത്തിലെ അഞ്ചും ബുധനൂർ പഞ്ചായത്തിലെ ഏഴും വാർഡുകൾ ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് മുളക്കുഴ ഡിവിഷൻ. ആകെ 67,205 വോട്ടർമാർ.
സംസ്ഥാനത്തെ വലിയ പാലിയേറ്റീവ് സംഘടനകളിലൊന്നായ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമെന്ന നിലയിൽ ഡിവിഷനിലാകെ സുപരിചിതനായ അഡ്വ. നിതിൻ ചെറിയാനാണ് എൽഡിഎഫ് സ്ഥാനാർഥി. ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനായ നിതിൻ ഡിവൈഎഫ്ഐ ചെങ്ങന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറി, മുളക്കുഴ സൗത്ത് മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സിപിഐ എം മുളക്കുഴ സൗത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്.
പശ്ചാത്തല, -വിദ്യാഭ്യാസ,- സേവന മേഖലകളിലായി 5.48 കോടിയുടെ വികസന പദ്ധതികളാണ് ഡിവിഷനിൽ നടപ്പാക്കിയത്. മുളക്കുഴ പഞ്ചായത്തിൽ നികരുംപുറത്ത് ഒരു കോടി ചെലവഴിച്ച് നിർമിക്കുന്ന ഹൈടെക് അങ്കണവാടി, കക്കോട് റോഡ്, പാലയ്ക്കാമല ഉന്നതി റോഡ്, പുറ്റേൽ ഉന്നതി റോഡ്, ചാങ്ങപ്പാടം ട്രാക്ടർ പാസേജ് നിർമാണം, വാർഡ് ആറ് അങ്കണവാടി, ചെറിയനാട് പഞ്ചായത്തിലെ മരുതൂർ പടി റോഡ്, ആലാ പഞ്ചായത്തിലെ പഴുക്കാമോടി മലമോടി റോഡ്, കണ്ണമ്പള്ളി എൽപിഎസ് റോഡ്, ലക്ഷംവീട് ഉന്നതി റോഡ് തുടങ്ങിയവയുടെ നവീകരണം, ഉഴുന്നുമ്മല പറയരുകാല കൈത്തോട് നവീകരണം, ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിന് സ്വന്തമായി സ്ഥലംവാങ്ങി ചുറ്റുമതിൽ നിർമാണം, പന്നിമൂല പടി കുരുട്ടുമൂടി ഉന്നതി റോഡ് സൈഡ് കെട്ട്, കൊല്ലകടവ് ഗവ. മുഹമ്മദൻസ് എച്ച്എസ്എസ്, മുളക്കുഴ ഗവ. എച്ച്എസ്എസ് എന്നീ സ്‌കൂളുകളുടെ നവീകരണം, മാനവീയം ഉന്നതിയിൽ സാംസ്കാരിക നിലയ നിർമാണം, ആല എച്ച്എസ്എസ് ലൈബ്രറി റൂം, ടിങ്കറിങ് ലാബുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, മനോരഞ്ജിനി വനിതാ വായനശാല കെട്ടിട നിർമാണം, പടിയത്ത് പടി കാന നവീകരണം, ചെറുതോട് പാടശേഖരം ബണ്ട്കെട്ടി സംരക്ഷണം, അരിയന്നൂർ ഉന്നതി കല്ലുകെട്ടി സംരക്ഷണം തുടങ്ങി മുളക്കുഴയുടെ ഉള്ളുതൊട്ട വികസന പ്രവർത്തനങ്ങൾ അനവധി.
യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ കൊഴുവല്ലൂരും എൻഡിഎ സ്ഥാനാർഥിയായി പി ബി അഭിലാഷും മത്സരിക്കുന്നു.









0 comments