സഫലമീയാത്ര...

മാവൂർ റോഡിലെ നവീകരിച്ച സ്മൃതിപഥം ശ്മശാനം
സ്വന്തം ലേഖിക കോഴിക്കോട് ശാന്തമായ അന്തരീക്ഷത്തിൽ, പച്ചപ്പിന്റെ തണലിൽ, പരിസ്ഥിതി സൗഹാർദ രീതിയിൽ അന്ത്യയാത്ര നൽകുന്ന ഇടം. സംസ്ഥാനത്ത് തന്നെ അപൂർവമാണ് ഇങ്ങനെയൊരു ശ്‌മശാനം. നഗരഹൃദയത്തിൽ പ്രകൃതിരമണീയ അന്തരീക്ഷത്തിൽ ഒരുക്കിയ ‘സ്‌മൃതിപഥം’ മരണവേളയിൽ നാടിന് ആശ്വാസമാകുകയാണ്. ബുദ്ധിമുട്ടുകളില്ലാതെ, കാത്തിരിപ്പില്ലാതെ, പരിസ്ഥിതിപ്രശ്‌നങ്ങൾ ഉണ്ടാവാതെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇവിടെ അന്ത്യയാത്രയേകാം. നാല് വാതകശ്‌മശാനങ്ങൾ, ഒരു വൈദ്യുതിശ്‌മശാനം, രണ്ട് ചൂള എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് നവീകരിച്ച് മനോഹരമാക്കിയ ‘സ്‌മൃതിപഥ’ത്തിലുള്ളത്. ജീവിച്ചിരിക്കുന്പോൾ മാത്രമല്ല, മരണത്തിലും പൗരന്മാരെ ആദരത്തോടെ ചേർത്തുപിടിക്കുകയാണ് ‘സ്‌മൃതിപഥ’ത്തിലൂടെ കോഴിക്കോട് കോർപറേഷൻ. 1197 മൃതദേഹങ്ങൾ നവീകരിച്ച ശ്‌മശാനത്തിൽ ഇതിനകം പ്രമുഖരും സാധാരണക്കാരുടേതുമായി 1197 മൃതദേഹങ്ങൾ സംസ്‌കരിച്ചു. എട്ട് മൃതദേഹങ്ങൾവരെ സംസ്‌കരിക്കുന്ന ദിവസങ്ങളുണ്ട്. മിതമായ നിരക്കും സൗകര്യങ്ങളും പരിഗണിച്ച് സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരും ‘സ്‌മൃതിപഥ’ത്തിലെത്തുകയാണ്. ന്യൂജൻ സ്‌മൃതിപഥം ●ചടങ്ങിനുള്ള സാധനങ്ങളെല്ലാം ന്യായമായ വിലയിൽ ലഭിക്കുന്ന "കിയോസ്‌ക്’ ● ബന്ധുക്കൾക്ക് ലൈവ് സ്ട്രീമിങ്ങിലൂടെ സംസ്‌കാരം കാണാൻ മൂന്ന് സ്‌ക്രീനുകൾ ● മരണാനന്തര ചടങ്ങിന് വിശാലമായ ലോഞ്ച് ● സംസ്‌കാരശേഷം ചിതാഭസ്‌മം സൂക്ഷിക്കാനുള്ള ലോക്കർ ● ചേംബറുകളോട് ചേർന്ന് നാല് കുളിമുറിയും നാല് ശുചിമുറിയും ● അനുശോചന യോഗത്തിന് വിശാലമായ ഹാൾ ചെലവ് നൂറ് വർഷത്തോളം പഴക്കമുള്ള ശ്‌മശാനം രാജ്യാന്തര നിലവാരത്തിൽ നവീകരിക്കാൻ 2020 ഒക്‌ടോബറിലാണ് തീരുമാനിച്ചത്. എംഎൽഎ ഫണ്ടിൽനിന്ന് 2.28 കോടി രൂപയും കോർപറേഷന്റെ 4.92 കോടി രൂപയും ഉപയോഗിച്ചാണ് നിർമാണം. മുൻ എംഎൽഎ എ പ്രദീപ്‌കുമാറാണ് പദ്ധതിക്ക് തുടക്കമിടുന്നത്. 100ൽ നൂറാണ് മാർക്ക് ശ്‌മശാനത്തിലെ ഓഫീസിലെ സന്ദർശക ഡയറിയിൽ ‘സ്‌മൃതിപഥ’ത്തെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് നിറയെ. പ്രവർത്തനം, ശുചിത്വം, സൗകര്യം, ജീവനക്കാരുടെ പെരുമാറ്റം ഇങ്ങനെ എല്ലാറ്റിനും നൂറിൽ നൂറ് മാർക്കാണ് നാട്ടുകാർ നൽകുന്നത്. കരുണൻ തറയ്‌ക്കൽ, സി കെ ശേഖർ, രജീന്ദ്രൻ, ചൈത്ര തുടങ്ങി ശ്‌മശാനം സന്ദർശിച്ച ബന്ധുക്കളും സുഹൃത്തുക്കളുമാണ് അഭിപ്രായം പങ്കിട്ടത്. മരിച്ചവർക്ക് അന്തസ്സോടെ യാത്ര നൽകുന്ന ഇൗ മാതൃക ഇതേ മികവോടെ തുടരണമെന്നാണ് എല്ലാവർക്കും പറയാനുള്ളത്. പുകയില്ല, ദുർഗന്ധമില്ല ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ നേരത്തെ മാവൂർ റോഡ് പരിസരത്തുണ്ടായ പുകയും ദുർഗന്ധവും ഇപ്പോൾ ശ്‌മശാനത്തിൽനിന്ന് വരുന്നില്ല. നേരിട്ടും 9037987989 ഫോൺ നമ്പർ മുഖേനയും ബുക്ക് ചെയ്യാം. നവജാതശിശുക്കളുടെ സംസ്‌കാരം സൗജന്യമാണ്. അഴകിലും മുന്നിൽ കവാടം കടന്നാൽ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പൂമരങ്ങളും വിരിക്കുന്ന തണലാണ്. ഇടതുഭാഗത്തായി കരിങ്കല്ലിൽ പണിത ഇരിപ്പിടങ്ങളുണ്ട്. അനുശോചനയോഗം ചേരാൻ പവിലിയൻ. വാതക ശ്‌മശാനത്തിനടുത്തുള്ള മതിലിൽ ജനനംമുതൽ മരണംവരെ അടയാളപ്പെടുത്തുന്ന മ്യൂറൽ ശിൽപ്പം, വാതിലുകൾക്ക് മുകളിലായി ചുവർ ചിത്രങ്ങൾ.









0 comments