റബറിന്റെ താങ്ങുവില വർധന
ഇത് പിടിച്ചുനിൽക്കാനുള്ള ഊർജം

ഓടനാവട്ടം കുടവട്ടൂരിൽ റബർ കർഷകരായ രാജൻ ദാമു, ജി വാസുദേവൻ, എൽ സന്തോഷ് കുമാർ, ആർ രാമചന്ദ്രൻ, രവീന്ദ്രൻ പിള്ള, എസ് ജയപ്രകാശ് എന്നിവർ
എം അനിൽ
Published on Nov 27, 2025, 01:27 AM | 1 min read
കൊല്ലം
‘സംസ്ഥാന സർക്കാർ റബറിന് താങ്ങുവില പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നു. കാലാവസ്ഥ അനുകൂലമല്ല, തൊഴിലാളികളെ കിട്ടാനില്ല, ഇതൊന്നും കൂടാതെയാണ് മതിയായ വിലകിട്ടാത്ത പ്രശ്‌നവും. ഇൗ സാഹചര്യത്തിൽ താങ്ങുവില 150ൽനിന്ന് 200രൂപയായി ഉയർത്തിയത് ഏറെ ആശ്വാസമാണ്. കേന്ദ്രസർക്കാരും അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ കൂടുതൽ മെച്ചപ്പെട്ടേനെ. വെളിയം കുടവട്ടൂരിലെ റബർ കർഷകരുടെ അഭിപ്രായമാണിത്. റബർകൃഷിയുമായി ഇനി അധികനാൾ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് താങ്ങുവില ഉയർത്തിക്കൊണ്ടുള്ള തീരുമാനം സംസ്ഥാനം കൈക്കൊണ്ടത്. താങ്ങുവില ലഭിക്കാൻ സർക്കാർ ബന്ധപ്പെട്ട സൈറ്റ് ഓപ്പൺ ചെയ്യണം. കർഷകർക്ക് രജിസ്റ്റർ ചെയ്യാനും രജിസ്‌ട്രേഷൻ പുതുക്കാനും സൈറ്റ് ഓപ്പൺചെയ്‌ത് കിട്ടണം. ടാപ്പിങ് തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രശ്‌നം പരിഹരിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കണം– റബർ കർഷകരായ രാജൻ ദാമു, രവീന്ദ്രൻപിള്ള, സന്തോഷ്‌കുമാർ, ടാപ്പിങ് തൊഴിലാളി വാസുദേവൻ എന്നിവർ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതിയും ആസിയാൻ കരാറും തിരിച്ചടി നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ കേന്ദ്രസർക്കാർ കൊണ്ടുന്ന ആസിയാൻ കരാറാണ് റബർ കർഷകർക്ക് ഏറെ തിരിച്ചടിയായത്. കരാറിനെ എതിർക്കാനും ഭവിഷ്യത്ത് ചൂണ്ടിക്കാട്ടാനും ഇടതുപക്ഷം മാത്രമാണ് തയ്യാറായത്. എന്നാൽ, അന്ന് കോൺഗ്രസ് പരിഹസിച്ചു. പിന്നീട് അധികാരത്തിൽ വന്ന ബിജെപി സർക്കാരും ആസിയാൻ കരാർ അതിവേഗത്തിൽ നടപ്പാക്കുന്നവരായി. ടയർ കന്പനികൾക്ക് യഥേഷ്ടം റബർ മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ സഹായിക്കുന്ന നയം തിരുത്താനും ബിജെപി സർക്കാർ തയ്യാറാകുന്നില്ല. ഇറക്കുമതിയിലൂടെ ലഭിക്കുന്ന നികുതി റബർ കർഷകരെ സഹായിക്കാനും റബർ കൃഷിയെ പരിപോഷിപ്പിക്കാനും വിനിയോഗിക്കുന്നതിനും നടപടിയില്ല. റബറിന്റെ വില 137–138 രൂപയായി ഇടിഞ്ഞപ്പോഴാണ് സംസ്ഥാന സർക്കാർ ആദ്യം 150രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇപ്പോൾ വില 188–189രൂപയാണ്. സർക്കാർ താങ്ങുവില 200രൂപയായി വർധിപ്പിച്ചത് കർഷകരെ ഇൗ രംഗത്ത് പിടിച്ചുനിർത്താൻ ഉപകരിക്കും. ജില്ലയിൽ പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലാണ് കൂടുതൽ കൃഷിയുള്ളത്. കരുനാഗപ്പള്ളി താലൂക്കുകളിലെ ചില പ്രദേശങ്ങളിലും റബർ കൃഷി നിരവധി കുടുംബങ്ങളുടെ ജീവിതമാർഗമാണ്.









0 comments