മാർഗനിർദേശം നൽകി ഹെെക്കോടതി
print edition അടിയന്തര ചികിത്സ നിഷേധിക്കരുത്; ഫീസ് പ്രദർശിപ്പിക്കണം ; കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും ചട്ടങ്ങളും ശരിവച്ചു

കൊച്ചി
മുൻകൂർ പണം നൽകിയില്ലെങ്കിലും അത്യാസന്ന വിഭാഗങ്ങളിലെത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളടക്കം അടിയന്തരചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. രേഖകൾ കൈവശമില്ലെങ്കിലും ചികിത്സ നൽകണം. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ അയക്കുമ്പോൾ സുരക്ഷിതയാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും ചട്ടങ്ങളും ശരിവച്ച സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്‌ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവിട്ടത്.
സംസ്ഥാന സർക്കാർ നിയമം ഭരണഘടനയ്ക്ക് എതിരല്ലെന്നും രാജ്യാന്തര നിലവാരത്തിന് യോജിച്ചതാണെന്നും വ്യക്തമാക്കി. ഉത്തരവ് സർക്കാർ/ സ്വകാര്യ ആശുപത്രികൾക്കെല്ലാം ബാധകമാണ്. നിർദേശം പാലിച്ചില്ലെങ്കിൽ ആശുപത്രികളുടെ രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. രോഗികൾക്ക് പരാതികളിൽ സിവിലായും ക്രിമിനലായും പരിഹാരം തേടാം. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകാനും ഉചിതമായ വിജ്ഞാപനമിറക്കാനും നിർദേശിച്ചു. പ്രസക്തഭാഗങ്ങൾ ഒരുമാസത്തിനകം മലയാളം/ഇംഗ്ലീഷ് പത്ര, ദൃശ്യ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. ഒരുമാസത്തിനകം കോടതിയിൽ റിപ്പോർട്ടും നൽകണം.
ആശുപത്രികളിലും വെബ്സൈറ്റിലും ചികിത്സാഫീസും പാക്കേജ് തുകയും രോഗികളുടെ അവകാശ വിവരങ്ങളും പ്രദർശിപ്പിക്കണം. ആശുപത്രി ജീവനക്കാരുടെ സമഗ്രവിവരം രജിസ്ട്രേഷൻ അതോറിറ്റിയിൽ നൽകണം. ചികിത്സാഅപാകം, തട്ടിപ്പ്, വഞ്ചന എന്നിവയ്‌ക്കെതിരെ ഉപഭോക്തൃ കോടതിയിലും പൊലീസിലും പരാതിപ്പെടാം. ഗുരുതര പരാതി ചീഫ് സെക്രട്ടറിക്കോ പൊലീസ് മേധാവിക്കോ നൽകാം. എല്ലാ ആശുപത്രികളിലും പരാതിപരിഹാര സംവിധാനം വേണം. പരാതികൾ ഏഴുദിവസത്തിനകം തീർപ്പാക്കണം. തീർപ്പാകാത്തവ ജില്ലാ രജിസ്ട്രേഷൻ അതോറിറ്റിക്ക് വിടണം.
ഫീസ് പ്രദർശിപ്പിക്കൽ, ജീവനക്കാരുടെ വിവരം കൈമാറൽ, അടിയന്തര ചികിത്സ ഉറപ്പാക്കൽ എന്നീ വ്യവസ്ഥകളാണ് ഹർജിക്കാർ എതിർത്തത്. നിയമനടപടിയിലേക്ക് നീങ്ങിയതിന് പിഴ ഈടാക്കേണ്ടതാണെങ്കിലും ചെയ്യുന്നില്ലെന്നും പറഞ്ഞു.
ആശുപത്രികൾക്കുള്ള മറ്റു മാർഗനിർദേശങ്ങൾ:
• സേവനങ്ങളും ഫീസ് വിവരങ്ങളും റിസപ്ഷനിലും അഡ്മിഷൻ ഡെസ്കിലും സൈറ്റിലും നൽകണം, ബ്രോഷറും ഇറക്കണം
• ബെഡ്ഡ്, ഐസിയു, ആംബുലൻസ് വിവരങ്ങളും ഫോൺനമ്പറുകളും പ്രദർശിപ്പിക്കണം
• ബില്ല്, സ്‌കാനിങ് റിപ്പോർട്ടുകൾ ഡിസ്ചാർജ് സമയത്ത് കൈമാറണം
• പരാതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺനമ്പർ, ഇ-മെയിൽ, ഡിഎംഒ ഹെൽപ്‌ലൈൻ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണം
• നിർദേശം പാലിക്കുമെന്ന ഉറപ്പ് എല്ലാ സ്ഥാപനങ്ങളും ജില്ലാ രജിസ്ട്രേഷൻ അതോറിറ്റിക്ക് 30 ദിവസത്തിനകംനൽകണം. അതോറിറ്റി 60 ദിവസത്തിനകം പരിശോധന നടത്തി, വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കണം







0 comments