print edition മനമ്പം കോടതിവിധി സർക്കാർ നിലപാടിനുള്ള അംഗീകാരം : കെ രാജൻ

തിരുവനന്തപുരം
മുനമ്പം വിഷയത്തിലെ കോടതിവിധി സ്വാഗതാർഹമാണെന്നും സർക്കാർ നിലപാടിന് കോടതി നൽകിയ അംഗീകാരമാണെന്നും റവന്യൂ മന്ത്രി കെ രാജൻ. മുനമ്പത്ത് പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ചുവരുന്നവർക്ക് കരമടക്കാൻ നൽകിയ അനുവാദത്തെ ചോദ്യംചെയ്ത് സ്ഥാപിത താൽപ്പര്യക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലാണ് ആദ്യം താൽക്കാലിക സ്റ്റേ അനുവദിച്ചത്. സർക്കാർ കോടതിയിലെടുത്ത നിലപാടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ ഒഴിവാക്കി കരമടയ്ക്കാൻ അനുവദിച്ചത്.
ഇതിനെതിരെ കക്ഷികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ചിലെ കേസ് തീരുംവരെ സ്റ്റേ തുടരുമെന്ന വിധി സമ്പാദിച്ചെങ്കിലും അന്തിമ തീരുമാനത്തിനുള്ള അധികാരം ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന് വിട്ടുകൊടുത്തിരുന്നു. ഈ കേസിലാണ് കരമടയ്ക്കാൻ അനുവാദം നൽകി ഇടക്കാല ഉത്തരവിട്ടത്. മുനമ്പത്ത് ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് ഉടമസ്ഥതയുണ്ട് എന്നുതന്നെയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments