print edition തദ്ദേശപ്പോരിൽ 33,711 പോളിങ് സ്റ്റേഷൻ

തിരുവനന്തപുരം
രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 33,711 പോളിങ് സ്റ്റേഷൻ. ത്രിതല പഞ്ചായത്തുകളിൽ 28127, മുനിസിപ്പാലിറ്റികളിൽ 3569, കോർപറേഷനുകളിൽ 2015 എണ്ണവും സജ്ജീകരിക്കും. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വിശദ മാർഗനിർദേശം പുറത്തിറക്കി.
പോളിങ് സ്റ്റേഷനുകളിലേയും പരിസരത്തെയും പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കണം. മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് സൗകര്യങ്ങളൊരുക്കണം. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകണം. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കിൽ താൽകാലികമായി ഒരുക്കണം. കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം.
പോളിങ്ങിന്റെ തലേദിവസംതന്നെ ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കണമെന്നുംആവശ്യപ്പെട്ടു. ഉൾപ്രദേശത്തുള്ള പോളിങ് സ്റ്റേഷനുകളിലെത്തുന്ന വഴികൾ വൃത്തിയാക്കുകയും സ്റ്റേഷനുകളുടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിനുള്ള നടപടികൾ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.
കാഴ്‌ച വെല്ലുവിളിഉള്ളവർക്കും അവശർക്കും സഹായി
തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ചവെല്ലുവിളിയോ അവശതയോ ഉള്ളവർക്ക് വോട്ടുചെയ്യാനുള്ള ക്രമീകരണങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശം ഇറക്കി. വോട്ടർക്ക് വോട്ടുചെയ്യാനാകില്ല എന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യമായാൽ 18വയസ്സുകഴിഞ്ഞ സഹായിയെ വയ്ക്കാം. വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷിയടയാളം പുരട്ടും. ഇൗ സഹായിക്ക് മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയാകാൻ കഴിയില്ല. ശാരീരിക അവശതയുള്ളവരെ ക്യൂവിൽ നിർത്താതെ പ്രവേശിപ്പിക്കണം.









0 comments