മാങ്കൂട്ടത്തിലിനെ തടയാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ്
print edition രാഹുലിന് ചിലരുടെ സംരക്ഷണം ; തുറന്ന് പറഞ്ഞ് നേതാക്കൾ

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് രംഗത്ത് തുടരുന്നതിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഒരു വിഭാഗം നേതാക്കൾ. പാലക്കാട് വീട് കയറുന്നത് തുടർന്നാൽ തിരിച്ചടി നേരിടുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. കെ സി വേണുഗോപാലും ഷാഫി പറന്പിലും നൽകുന്ന സംരക്ഷണം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
പ്രചാരണരംഗത്ത് തുടരുമെന്ന മാങ്കൂട്ടത്തിലിന്റെ നിലപാടിനെ പ്രവര്‍ത്തക സമിതി അംഗം കൂടിയായ രമേശ് ചെന്നിത്തല തള്ളി. ‘പാര്‍ടി പരിപാടിയില്‍ രാഹുല്‍ എങ്ങനെ പങ്കെടുത്തു എന്നറിയില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. കെ സുധാകരന്‍ അടക്കം എല്ലാവരും ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. നടപടി നേരിടുന്ന വ്യക്തി പാർടി പരിപാടിയില്‍ പങ്കെടുക്കാൻ പാടില്ല. അക്കാര്യം പരിശോധിക്കേണ്ടത് കെപിസിസി ആണ്. രാഹുലിന്റ ശബ്ദസന്ദേശം കേട്ടിട്ടില്ല.
അതങ്ങിനെ കേള്‍ക്കേണ്ട ഏര്‍പ്പാട് ഒന്നുമല്ലല്ലോ’ എന്നും ചെന്നിത്തല പരിഹസിച്ചു.
മാങ്കൂട്ടത്തിലിനെ അനുകൂലിച്ച കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍ രംഗത്തെത്തി. ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ നേതാക്കളുമായി വേദി പങ്കിടാനോ അനുമതിയില്ല. പക്ഷെ, പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരാം. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം – മുരളീധരന്‍പറഞ്ഞു.
എന്നാൽ, ആര് തള്ളി പറഞ്ഞാലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുലും പ്രതികരിച്ചു. നേതാക്കൾ പറയുന്ന കാര്യങ്ങളാണ് താൻ അനുസരിക്കുന്നത്. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ സുധാകരൻ, വേണുഗോപാൽ, വി ഡി സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. അവർ പറയുന്നത് അനുസരിക്കുന്നു. സസ്പെൻഷനിലുള്ള ആൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നാണ് നേതാക്കൾ പറഞ്ഞത്. താനത് അനുസരിക്കുന്നു.
ഇതോടെ, നേതാക്കൾ നാടകം കളിച്ച് രാഹുലിനെ സംരക്ഷിക്കുകയാണെന്ന വാദമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സജന തന്റെ നിലപാട് ആവർത്തിച്ചു.
മാങ്കൂട്ടത്തിലിനെ തടയാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ്
സ്‌ത്രീ പീഡന, ഗർഭഛിദ്ര പ്രേരണ വിവാദത്തിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്നത് തടയാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാകാം. അതിനുള്ള അവകാശം നിഷേധിക്കാനാകില്ല. കോൺഗ്രസ് അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നുമില്ല. പ്രചാരണത്തിൽ ആരൊക്കെ കൂടെവേണമെന്നത് സ്ഥാനാർഥികളുടെ ഇഷ്ടമാണെന്നും കാസർകോട് പ്രസ്‌ക്ലബിന്റെ ‘മുഖാമുഖ’ത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
രാഹുലിന്റെ കാര്യത്തിൽ രമേശ് ചെന്നിത്തലയും കെ മുരളീധരനും വ്യത്യസ്‌ത അഭിപ്രായം പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, എല്ലാവരോടും ആലോചിച്ചാണ് രാഹുലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നായിരുന്നു മറുപടി.









0 comments