പിലിക്കോട്‌ തലമുറകളുടെ പോരാട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പി മഷൂദ്‌ പിലിക്കോട്

Published on Nov 27, 2025, 03:01 AM | 1 min read

പിലിക്കോട്‌ പുതുതലമുറയും മുതിർന്ന തലമുറയും തമ്മിലുള്ള ഉശിരൻ പോരാട്ടമാണ്‌. നാട്‌ ചെറുപ്പത്തെ തെരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസം ആവോളമുണ്ട്‌ എൽഡിഎഫിന്‌. ഓടിനടന്ന്‌ കാര്യങ്ങൾ ചെയ്യാനാവുന്നവർ ജനപ്രതിനിധിയായി വരണമെന്ന്‌ വോട്ടർമാർ ആഗ്രഹിക്കുമെന്ന്‌ രാഷ്ട്രീയഭേദമില്ലാതെ ആരും പറയും. പ്രിയപ്പെട്ട ജനപ്രതിനിധിയായ എം മനു നടപ്പാക്കിയ ദീർഘവീക്ഷണമുള്ള വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന്‌ ശുഭപ്രതീക്ഷയുമുണ്ട്‌ മുന്നണിക്ക്‌. ജില്ലാ പഞ്ചായത്തിൽ നിലവിലുള്ള ഭരണസമിതിയിൽ വീണ്ടും മത്സരിക്കുന്ന ഏകയാളാണ്‌ മനു. വികസനത്തിന്‌ ജനം വോട്ട്‌ ചെയ്യുമെങ്കിൽ പിലിക്കോട്ട്‌ ഇക്കുറി റെക്കോർഡ്‌ ഭൂരിപക്ഷമാവും. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിലെ പുത്തിലോട്ട്‌, കൊടക്കാട്‌, പിലിക്കോട്‌, തൃക്കരിപ്പൂർ ട‍ൗൺ, തങ്കയം, ഒളവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകൾ ചേർന്നതാണ്‌ ഡിവിഷൻ. ആകെ 42 പഞ്ചായത്ത്‌ വാർഡുകൾ. ഇതിൽ പിലിക്കോട് പഞ്ചായത്തിലെ 18, തൃക്കരിപ്പൂരിലെ 23, വലിയപറമ്പിലെ ഒരു വാർഡ്‌ എന്നിവ ഉൾപ്പെടുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനുകളിൽ പിലിക്കോട്, പുത്തിലോട്ട്, കൊടക്കാട് എന്നിവ എൽഡിഎഫും തങ്കയം, ഒളവറ, തൃക്കരിപ്പൂർ ടൗൺ എന്നിവ യുഡിഎഫുമാണ് വിജയിച്ചത്. പിലിക്കോട് 16ൽ 14 വാർഡുകൾ എൽഡിഎഫിനാണ്‌. തൃക്കരിപ്പൂരിൽ ഏഴിടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫുമാണ്‌. വലിയപറമ്പിലെ മാടക്കാൽ വാർഡ് യുഡിഎഫാണ് വിജയിച്ചത്. കഴിഞ്ഞ തവണ രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് മനു വിജയിച്ചത്.​ മൂന്ന് മുന്നണിയിലെയും സ്ഥാനാർഥികൾ മാത്രമാണ് മത്സര രംഗത്ത്. കർഷക കമ്യൂണിസ്റ്റ് പോരാട്ട ഭൂമികയായ പിലിക്കോടും കൊടക്കാടും എന്നും ഇടതുപക്ഷത്തെ നെഞ്ചോട് ചേർത്ത മണ്ണാണ്. അതിന്റെ പൈതൃകത്തിനൊത്ത വിജയം ഇക്കുറിയും നേടുമെന്ന്‌ സ്ഥാനാർഥിക്ക്‌ ലഭിക്കുന്ന ജനപിന്തുണ തെളിയിക്കുന്നു. ആർജെഡി യുവജന വിഭാഗം ജില്ലാ പ്രസിഡന്റാണ്‌ എം മനു. കെപിസിസി അംഗവും ജില്ലയിലെ മുതിർന്ന നേതാവുമായ കരിമ്പിൽ കൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസിന്റെ കെ കുഞ്ഞികൃഷ്ണൻ എൻഡിഎയ്‌ക്കായി രംഗത്തുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home