ലേബർ കോഡിനെതിരെ പ്രതിഷേധത്തീ

തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയൻ സമിതി കൊല്ലത്തു നടത്തിയ പ്രകടനം
സ്വന്തം ലേഖകൻ
Published on Nov 27, 2025, 01:29 AM | 1 min read
കൊല്ലം
തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബർകോഡ് പിൻവലിക്കണമെന്നും ഐതിഹാസിക കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകൾ ജില്ലയിൽ നടത്തിയ പ്രതിഷേധം എകപക്ഷീയ നടപടിക്കെതിരായ ശക്തമായ താക്കീതായി. നഗരത്തിനുപുറമേ ജില്ലയിലെ 68പഞ്ചായത്തും നാല് മുനിസിപ്പാലിറ്റിയും കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജീവനക്കാരും അധ്യാപകരും തൊഴിലാളികളും വിവിധ കേന്ദ്രങ്ങളിൽ തൊഴിൽകോഡിന്റെ പകർപ്പുകൾ കത്തിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും തോട്ടംമേഖലയും അണിചേർന്നു. സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന 29 തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കിയാണ് കോവിഡിന്റെ മറവിൽ പാസാക്കിയ നാല് തൊഴിൽ നിയമങ്ങൾ നടപ്പാക്കിയത്. തൊഴിൽ സമയം, തൊഴിൽ തർക്കപരിഹാരം, ഇഎസ്ഐ, പിഎഫ് ഉൾപ്പടെയുള്ള സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ, സ്ത്രീ തൊഴിലാളികൾക്കുള്ള പ്രത്യേക പരിരക്ഷ എന്നിവയെല്ലാം ദുർബലപ്പെടുന്നരീതിയിലാണ് പുതിയ ലേബർ കോഡ്. ചിന്നക്കടയിൽ നടന്ന പ്രതിഷേധസദസ്സ് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനംചെയ്‌തു. അഡ്വ. ജി ലാലു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ, എൽഡിഎഫ് നേതാക്കളായ ബി മോഹൻദാസ്, എ എം ഇക്‌ബാൽ, ജി ആനന്ദൻ, അയത്തിൽ സോമൻ, എച്ച് ബേയ്സിൽലാൽ, എം എ നവീൻ, മുരളീകൃഷ്‌ണപിള്ള, സി ഗാഥ, എസ് പിങ്കി, സി ജെ സുരേഷ്‌ശർമ, സുരേഷ് മുഖത്തല, ജെ ഷാജി, എ ഷാഹിനമോൾ എന്നിവർ സംസാരിച്ചു.








0 comments