print edition കർണാടകത്തിലെ കോൺഗ്രസ് പ്രതിസന്ധി ; സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിക്കും

ന്യൂഡൽഹി
കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നേതാക്കളുടെ തമ്മിലടി അതിരൂക്ഷമായി. ഹൈക്കമാൻഡിന് മുമ്പാകെ വിലപേശൽശേഷി തെളിയിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പക്ഷവും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പക്ഷവും. രണ്ടുദിവസത്തിനുള്ളിൽ ഇരുനേതാക്കളെയും ഡൽഹിക്ക് വിളിപ്പിക്കും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും താനും ചേർന്ന് പ്രശ്‌നം പരിഹാരിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് സംഘടനയുടെ നിയന്ത്രണം ഇപ്പോഴും പൂർണമായും സോണിയാ കുടുംബത്തിനാണെന്ന് തെളിയിക്കുന്നതായി കോൺഗ്രസ് പ്രസിഡന്റിന്റെ വാക്കുകൾ.
അതേസമയം, സിദ്ധരാമയ്യ പക്ഷത്തെ കരുത്തനായ സതീശ് ജർക്കിഹോളിയുമായി ശിവകുമാർ കൂടിക്കാഴ്‌ച നടത്തി. സർക്കാർ രൂപീകരണത്തിന് പൊതുമരാമത്ത് മന്ത്രി കൂടിയായ ജർക്കിഹോളിയുടെ പിന്തുണ ശിവകുമാർ തേടി. പുതിയ മന്ത്രിസഭയിൽ കാര്യമായ സ്ഥാനം നൽകാമെന്ന വാഗ്‌ദാനവുമുണ്ട്. എന്നാൽ സിദ്ധരാമയ്യക്കൊപ്പം തന്നെയാണ് താനെന്ന് ജർക്കിഹോളി അവകാശപ്പെട്ടു.
‘പിന്തുണച്ച്’ ബിജെപി
കോൺഗ്രസിലെ തമ്മിലടി രൂക്ഷമായതോടെ, ശിവകുമാർ ആവശ്യപ്പെട്ടാൽ പിന്തുണയ്‌ക്കുമെന്ന പ്രതികരണവുമായി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ രംഗത്തെത്തി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ പിന്തുണ നൽകാൻ കർണാടകത്തിലെ ബിജെപിയോട് തങ്ങളുടെ ഹൈക്കമാൻഡ് പറഞ്ഞാൽ തള്ളിക്കളയില്ലെന്നും ഗൗഡ പറഞ്ഞു.









0 comments