114 പുലിമുട്ടുകളായി, ഇനി 41 കൂടി

കാട്ടൂർ ബീച്ചിലെ നിർമാണം പൂർത്തിയായ പുലിമുട്ട് (ഫയൽ ചിത്രം)

ഫെബിൻ ജോഷി
Published on Nov 27, 2025, 12:38 AM | 1 min read
ആലപ്പുഴ
ആർത്തലച്ചെത്തുന്ന കടലിന് മുന്നിൽ തീരദേശത്തെ ജനങ്ങൾക്ക് സുരക്ഷാകവചമൊരുക്കാൻ കിഫ്‌ബിയിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 365.75 കോടി രൂപ. കടലാക്രമണത്തിൽനിന്ന് ജില്ലയുടെ തീരം സംരക്ഷിക്കാൻ രണ്ടുഘട്ടങ്ങളിലായി ഒമ്പത് പ്രദേശങ്ങളിൽ 15.66 കിലോമീറ്ററിൽ 155 പുലിമുട്ടുകളാണ് നിർമിക്കുക. ആദ്യഘട്ടത്തിലെ 114 പുലിമുട്ടുകൾ പൂർത്തിയാക്കി. അമ്പലപ്പുഴ, കാട്ടൂർ, പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ എന്നിവിടങ്ങളിലാണ് പുലിമുട്ട് നിർമിച്ചത്. ഓരോന്നിനും 20 മുതൽ 50 മീറ്റർവരെയാണ് നീളം.
കാട്ടൂരിൽ 72,64,37,834 രൂപ ചെലവഴിച്ച് 3.16 കിലോമീറ്ററിൽ 34 പുലിമുട്ടുകൾ നിർമിച്ചു. അമ്പലപ്പുഴയിൽ 69,19,80,121 രൂപ ചെലവിൽ 3.6 കിലോമീറ്ററിനുള്ളിൽ 30, പതിയാങ്കരയിൽ 30,35,37,349 രൂപ ചെലവഴിച്ച് 1.5 കിലോമീറ്ററിനുള്ളിൽ 13, ആറാട്ടുപുഴയിൽ 42,75,52,031 രൂപ ചെലവഴിച്ച് 1.2 കിലോമീറ്ററിനുള്ളിൽ 21, വട്ടച്ചാലിൽ 43,05,22,756 രൂപ ചെലവഴിച്ച് 1.7 കിലോമീറ്ററിനുള്ളിൽ 16 പുലിമുട്ടുകൾ വീതമാണ് നിർമിച്ചത്. ആകെ 11.2 കിലോമീറ്ററിൽ 258,00,30,091 രൂപ ചെലവിലാണ് 114 പുലിമുട്ടുകൾ തീർത്തത്.
അടിയിൽ കല്ലുകളും മുകളിൽ കോൺക്രീറ്റ് ടെട്രാപോഡുകളും ഉപയോഗിച്ചാണ് നിർമാണം. ഇരുവശത്തും രണ്ട് ടണ്ണിന്റെ ടെട്രാപോഡും അഗ്രഭാഗത്ത് അഞ്ചുടണ്ണിന്റെ രണ്ടുപാളി ടെട്രാപോഡുമാണ് കവചം തീർക്കുന്നത്. മഴക്കാലത്ത് അധികജലം ഒഴുകിപ്പോകുന്നതിന് ഓമനപ്പുഴ, വാഴക്കൂട്ടം പൊഴിച്ചാലുകൾക്ക് തടസം വരാത്തവിധമാണ് നിർമാണം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല. പുലിമുട്ട് കടലിലേക്ക് തള്ളിനിൽക്കുന്നതിനാൽ തിരമാലകളുടെ പ്രഹരശേഷി കുറഞ്ഞ് തീരശോഷണം കുറയും. സമുദ്രനിരപ്പിൽനിന്ന് നാല് മീറ്റർ ഉയരത്തിലാണ് പുലിമുട്ട് സ്ഥാപിച്ചത്.









0 comments