പരുമല പെരുന്നാൾ ഇന്ന് സമാപിക്കും

നടൻ മമ്മൂട്ടി പരിശുദ്ധ കൊച്ചുതിരുമേനിയുടെ കബറിടം സന്ദർശിക്കുന്നു
കെ സുരേഷ്കുമാർ
Published on Nov 02, 2026, 12:48 AM | 1 min read
മാന്നാർ
പരുമല കൊച്ചുതിരുമേനിയുടെ 124–ാമത് ഓർമപ്പെരുന്നാൾ ആഘോഷങ്ങൾ തിങ്കളാഴ്‌ച സമാപിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ആയിരങ്ങൾ തീർഥാടകരായി പരുമലയിലെത്തി. വിശിഷ്‌ടാതിഥിയായി എത്തിയ നടൻ മമ്മൂട്ടിയും പരുമല തിരുമേനിയുടെ കബറിടം സന്ദർശിച്ചു. ഞായർ രാവിലെ ചാപ്പലിൽ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രപോലീത്ത എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന നടന്നു. വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരവും ശ്ലൈഹിക വാഴ്‌വും പ്രദക്ഷിണവും ഭക്തിഗാനാർച്ചനയും നടന്നു. തിങ്കൾ പുലർച്ചെ മൂന്നിന് യൂഹാനോൻ മാർ പോളിക്കാർപോസ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന, 6.15ന് ചാപ്പലിൽ യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 7.15ന് കാതോലിക്കാ ബാവായെയും മെത്രാപോലീത്തമാരെയും പള്ളിയിലേക്ക് സ്വീകരിക്കും. 8.30ന് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന. 10.30ന് ശ്ലൈഹിക വാഴ്‌വ്, 11.30ന് നേർച്ചസദ്യ, 12ന് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർഥി പ്രസ്ഥാനം സമ്മേളനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനംചെയ്യും, രണ്ടിന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർഥന, ആശീർവാദം എന്നിവയ്‌ക്കുശേഷം പെരുന്നാൾ കൊടിയിറക്ക്.
സഹജീവികളോടുള്ള കാരുണ്യമാണ് ദൈവസ്നേഹം: മമ്മൂട്ടി
കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നതെന്ന് നടൻ മമ്മൂട്ടി. അങ്ങനെ പെരുമാറുന്നതാണ് ദൈവത്തോടുള്ള സ്നേഹവും ഭക്തിയുമെന്ന് അദ്ദേഹം പറഞ്ഞു. പരുമല തിരുമേനിയുടെ 124 -ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർഥാടന വാരാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തീർഥാടന വാരാഘോഷ സമാപനം സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.








0 comments