ad
Deshabhimani

തിരുത്താനുറച്ച്‌ മനക്കോടം

ആലപ്പുഴ
avatar
വി ജി ഹരിശങ്കർ

Published on Nov 29, 2025, 01:21 AM | 1 min read

അരൂർ

അരൂർ പഞ്ചായത്തിലെ നാല്‌, എഴുപുന്നയിലെ എട്ട്‌, കോടംതുരുത്തിലെ ഏഴ്‌, കുത്തിയതോട്ടിലെ 11, തുറവൂരിലെ ആറ്, പട്ടണക്കാട്ടെ എട്ട്, കടക്കരപ്പള്ളിയിലെ ആറ്, ചേർത്തല തെക്ക് പഞ്ചായത്തിലെ ഒമ്പത്‌ ഉൾപ്പെടെ 59 വാർഡുകളാണ് ജില്ലാ പഞ്ചായത്ത് മനക്കോടം ഡിവിഷനിൽ. ഇടതുപക്ഷ അടിത്തറ ശക്തമായ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് വിദ്യാർഥി നേതാവായ നിധിൻ സെബാസ്റ്റ്യൻ ആലത്തറയാണ്. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് അരൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സാന്ത്വന സേവനത്തിലൂടെ നാടിന് പ്രിയങ്കരനാണ് നിധിൻ. സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ചെയർമാനായിരുന്നു. പാതിരപ്പള്ളി ആസ്ഥാനമായ കാരുണ്യദീപം പ്രേഷിതഭവനത്തിന്റെ സോഷ്യൽവർക്കറും സാമൂഹിക പ്രവർത്തകരുടെ സംഘടനയായ കാപ്സിന്റെ ജില്ലാ സെക്രട്ടറിയുമാണ്. ലഹരിവിരുദ്ധ അവബോധ പദ്ധതിയായ ‘നശാ മുക്ത് ഭാരത് അഭിയാൻ’ ജില്ലാ കോ–ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടമായ ഡിവിഷൻ തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് എൽഡിഎഫ്. ഡിവിഷനെ പ്രതിനിധീകരിച്ച യുഡിഎഫിന്റെ അവഗണന ചർച്ചയാണ്. എൽഡിഎഫ് സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിയാണ് നിധിന്റെ പ്രചാരണം. ചിരകാല അഭിലാഷമായ വാക്കയിൽ പാലം നിർമാണം അഭിമാനമായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു. 16.80 കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച പാലം വാക്കയിൽ പ്രദേശത്തെ മൂലേക്കളം, തുറവൂർ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. എളുപ്പത്തിൽ ദേശീയപാതയിൽ എത്താം. തീരദേശസ്വപ്നങ്ങൾക്ക് ചിറകുനൽകി അർത്തുങ്കൽ ഹാർബറിന്റെ നിർമാണം പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ, ഗ്രാമീണ റോഡുകളുടെ വികസനം, പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ മെച്ചപ്പെടുത്തിയത്‌ തുടങ്ങിയവ എൽഡിഎഫിന്റെ പ്രചാരണായുധമാണ്. ജയിംസ് ചിങ്കുതറയാണ് യുഡിഎഫ് സ്ഥാനാർഥി. ജോസഫ് റോണി ജോസാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home