കുംഭഭരണിക്ക് ഇനി 6 നാൾ
ഒരുമയുടെ രുചിക്കൂട്ടിൽ കഞ്ഞിസദ്യക്ക് തുടക്കമായി

പി പ്രമോദ്
Published on Feb 17, 2026, 02:33 AM | 1 min read
മാവേലിക്കര
കുംഭ ഭരണി മഹോത്സവത്തിന്റെ ആരവം ഉയർന്നതോടെ ചെട്ടികുളങ്ങരയിലെ 13 കരകളിലും കുതിരമൂട്ടിൽ കഞ്ഞിസദ്യക്ക് തുടക്കമായി. ഈർക്കിൽ കുത്തിയുണ്ടാക്കിയ പ്ലാവിലയിലാണ് കഞ്ഞി കുടിക്കുന്നത്. ഓണാട്ടുകരയ്ക്ക് മാത്രം അവകാശപ്പെടാവുന്ന രുചിക്കൂട്ടാണിവിടെ ഒരുക്കുന്നത്. ഈരേഴ തെക്ക്, വടക്ക് കരകളിൽ കുതിരമൂട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കഞ്ഞിസദ്യ. മറ്റുകരകളിൽ വഴിപാടുകാരന്റെ വീട്ടിലും. കഞ്ഞിസദ്യക്ക് കൃത്യമായ ചിട്ടയുണ്ട്. ഓലക്കാൽ വളച്ചുണ്ടാക്കിയ "തട’ആദ്യം നിലത്തുവെയ്ക്കും. ഇവയ്ക്ക് മുകളിൽ നിരത്തുന്ന വാഴയിലയിലേയ്ക്ക് കഞ്ഞി ചൂടോടെ ഒഴിക്കുമ്പോൾ വാടുന്ന വാഴയില തടയ്ക്കുള്ളിലേയ്ക്ക് ഇറങ്ങി ഒരു പാത്രം പോലെ രൂപപ്പെടും. തൊട്ടടുത്ത് മറ്റൊരു ഇലയിൽ അസ്ത്രം, മുതിരപ്പുഴുക്ക്, അവൽ, പഴം, പപ്പടം, മാങ്ങഅച്ചാർ, ഉണ്ണിയപ്പം എന്നിവയും വിളമ്പും. കഞ്ഞിസദ്യയ്ക്ക് മുമ്പ് കെട്ടുകാഴ്ച നിർമാണ സ്ഥലത്തെത്തി വെറ്റിലയും പുകയിലയും ദക്ഷിണവച്ച് കരക്കാരെ ക്ഷണിക്കും. കെട്ടുകാഴ്ച നിർമിക്കുന്നവർ കുത്തിയോട്ടപാട്ട് പാടി കഞ്ഞിസദ്യസ്ഥലത്ത് എത്തുമ്പോൾ താലപ്പൊലിയും കുരവയുമായി വീട്ടുകാർ എതിരേൽക്കും. തുടർന്ന് വെടിക്കെട്ട്. പിന്നീടാണ് കഞ്ഞിസദ്യ. നിലത്തിരുന്നുതന്നെ കഞ്ഞി കുടിക്കണം. പഴമയുടെ പാരമ്പര്യം കാത്ത് ഈ ആചാരങ്ങൾ ഇന്നും തുടരുന്നു. കെട്ടുകാഴ്ച നിർമാണം ആരംഭിക്കുന്ന ദിവസം മുതൽ അശ്വതി നാൾ വൈകിട്ട് വരെ ചെട്ടികുളങ്ങരയിലെ 13 കരകളിലും കഞ്ഞിസദ്യ ലഭിക്കും. കരകളിലെ വീട്ടുകാരുടെ നേർച്ച കഞ്ഞിയും ഉണ്ടാവും. കുത്തിയോട്ട വീടുകളിലെത്തുന്നവരും ഭക്ഷണംകഴിക്കാതെ തിരിച്ചുപോകാറില്ല. എത്രപേർ വന്നാലും ഭക്ഷണം നൽകാതെ വഴിപാടുകാർ തിരിച്ചയയ്ക്കുകയുമില്ല. അശ്വതി നാളിൽ കുത്തിയോട്ട വീടുകളിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കും. സമഭാവനയുടെ നിറവ് ഒരുമയുടെയും സമഭാവനയുടെയും സന്ദേശം സമൂഹത്തിന് പകരുന്ന കഞ്ഞിസദ്യ, അയിത്തം നിലനിന്ന കാലത്തും തുടർന്ന സമ്പ്രദായമാണ്. ഓണാട്ടുകര അക്കാലത്തും ജാതി-മത വേർതിരിവുകൾക്കതീതമായി എല്ലാവരും ഒന്നിച്ചിരുന്നു കഞ്ഞികുടിക്കുന്ന സമഭാവനയെ പ്രോത്സാഹിപ്പിച്ചിരുന്നു. ആഘോഷത്തിനപ്പുറം കുംഭഭരണി മഹോത്സവം, കാർഷിക-സാമൂഹിക സംസ്കാരങ്ങളുടെ സംഗമമാണ്.










0 comments