ചേപ്പാട് പള്ളിച്ചുവരിൽ മിഴിവോടെ മിശിഹാ ചരിത്രം

ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക-്സ് വലിയപള്ളിയിലെ ചുവർചിത്രത്തിൽനിന്ന്
കാർത്തികപ്പള്ളി
നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർ ചിത്രങ്ങൾ ഒളിമങ്ങാതെ. ഗീവർഗീസ് സഹദായുടെ നാമത്തിൽ ഭാരതത്തിൽ സ്ഥാപിതമായ പ്രഥമ ദേവാലയമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മദ്ബഹയിലാണ് അപൂർവ ചിത്ര വർണങ്ങൾ. മദ്ഹബയിലും പള്ളിയുടെ അകത്തെ ചുവരുകളിലുമാണ് ക്രിസ്തുവിന്റെ ജനനം മുതൽ മരണം വരെ ചരിത്രം പറയുന്ന ചുവർചിത്രങ്ങൾ. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ചുവർചിത്രങ്ങളിൽ പഴമ കൊണ്ടും വലിപ്പം കൊണ്ടും രചനാസൗകുമാര്യം കൊണ്ടും പ്രഥമ സ്ഥാനം അലങ്കരിക്കുന്നതാണ് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ചേപ്പാട് വലിയപള്ളിയിലെ ചുവർ ചിത്രങ്ങൾ. ചേപ്പാട് വലിയപള്ളിക്ക് ആയിരത്തിൽപരം വർഷങ്ങളുടെ പഴക്കം കണക്കാക്കുന്നു. 850 വർഷങ്ങൾക്ക് മുൻപ് രചിച്ചെന്ന് കരുതുന്ന ചുവർചിത്രങ്ങളാണിവ. ഈ ഗണത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഏറ്റവും പഴക്കം ചെന്നവയിലൊന്ന്. ചേപ്പാട് പള്ളിയിലെ ചുവർചിത്രങ്ങൾ അപൂര്‍വനിധി പോലെ സൂക്ഷിക്കേണ്ടതാണെന്ന് പുരാവസ്തുവകുപ്പ് നിർദേശിച്ചിട്ടുണ്ട്. എത്യോപ്യൻ രാജാവായിരുന്ന ഹെയ്‌ലി സലാസി ചേപ്പാട് പള്ളി സന്ദര്‍ശിച്ചപ്പോൾ സമ്മാനിച്ച പൊന്നിൻകുരിശ്, സ്വർണ പുറംചട്ടയുള്ള ബൈബിൾ, സ്വർണ പരവതാനി, ധൂപക്കുറ്റി എന്നിവ പള്ളിയിലെ അപൂര്‍വശേഖരങ്ങളിൽപ്പെടുന്നു. മോഷണംപോയ പൊന്നിൻകുരിശ് ഉരുക്കിയ നിലയിലാണ് മടക്കി കിട്ടിയത്. ഇത് അതേ രീതിയിൽ സൂക്ഷിച്ചിട്ടുണ്ട്. മലങ്കര മെത്രാപോലീത്താ ചേപ്പാട് ഫിലിപ്പോസ് മാർ ദിവന്നാസ്യോസിസിനെ കബറടക്കിയതും ഈ ദേവാലയത്തിലാണ്. ഏപ്രിൽ മൂന്നിന് കൊടിയേറിയ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഒമ്പതിന് സമാപിക്കും.











0 comments