132 കോടിയുടെ ഏഴുനിലകെട്ടിടം
ജില്ലാ ആശുപത്രി ബഹുനില മന്ദിരം ആദ്യഘട്ടം നാളെ സമർപ്പിക്കും

നിർമാണം പൂർത്തീകരിച്ച മാവേലിക്കര ജില്ലാ ആശുപത്രി ബഹുനില മന്ദിരം
സ്വന്തം ലേഖകൻ
മാവേലിക്കര
കിഫ്ബിയിൽ 132 കോടി ചെലവഴിച്ച് സംസ്ഥാന സർക്കാർ മാവേലിക്കര ജില്ലാ ആശുപത്രിക്കായി നിർമിച്ച ഏഴുനില മന്ദിരത്തിന്റെ ആദ്യഘട്ടവും ഒപി വിഭാഗവും മന്ത്രി വീണാ ജോർജ് വ്യാഴം വൈകിട്ട് അഞ്ചിന് നാടിന് സമർപ്പിക്കും. 102.8 കോടിയാണ് കെട്ടിട നിർമാണത്തിന് മാത്രം ചെലവഴിച്ചത്. രണ്ടാം ഘട്ടത്തിൽ സിടി സ്കാനടക്കം മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണിച്ചറിനുമായി 29.2 കോടി ചെലവഴിക്കും. ഒരു കോടി ഏഴു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ഡയാലിസിസ് യൂണിറ്റ്, 2.05 കോടി ചെലവില്‍ അത്യാധുനിക ഐസിയു, ലെവല്‍ ഡി എഎല്‍എസ് ആംബുലന്‍സ്, 70 ലക്ഷത്തിന് ഡോര്‍മെറ്ററി കാന്റീന്‍ സംവിധാനങ്ങള്‍, സ്വകാര്യ ആശുപത്രികളില്‍ മാത്രമുണ്ടായിരുന്ന ബഗ്ഗി ആംബുലന്‍സ് സൗകര്യം, കീമോതെറാപ്പി,- കാരുണ്യ ഫാര്‍മസി സൗകര്യങ്ങളടക്കം ഏറെ പദ്ധതികൾ. മൂവായിരത്തിനടുത്ത് ചതുരശ്രഅടിയില്‍ പുതിയ മോർച്ചറിയുമുണ്ട്. റിസപ്ഷന്‍, സ്റ്റാഫ്, പൊലീസ് സര്‍ജന്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം, പ്രാര്‍ഥനാ മുറികളും 10 ചേംബര്‍ ഫ്രീസര്‍ സംവിധാനവും മോര്‍ച്ചറി കെട്ടിടത്തിലുണ്ട്. മന്ദിരം പൂർണ സജ്ജമാകുന്നതോടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും തുടങ്ങാനാകും. നഗസഭയിലെയും ചുറ്റുമുള്ള 14 പഞ്ചായത്തുകളിലെയും സാധാരണക്കാര്‍ക്ക് ആശ്വാസമാണ് ഈ ആശുപത്രി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മാവേലിക്കരയിലുണ്ടായ മുന്നേറ്റത്തിലെ നാഴികക്കല്ലാണ് നിര്‍മാണം പൂർത്തീകരിക്കുന്ന അത്യാധുനിക ബഹുനില സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട സമുച്ചയം. കുതിപ്പിന്റെ എൽഡിഎഫ് കാലം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ 18 ജില്ലാ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭ്യമായതും മാവേലിക്കര ജില്ലാ ആശുപത്രിക്കാണ്. കോടികളുടെ വികസനമാണ് 10 വർഷത്തിനിടയുണ്ടായത്. 2011ല്‍ മാവേലിക്കരയിൽ എൽഡിഎഫ് ജയിച്ചശേഷം ആശുപത്രി പടിപടിയായി വളരുകയായിരുന്നു. 2016ന് ശേഷം സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളിലൊന്നായി. എം എസ് അരുൺകുമാർ എംഎൽഎയുടെ പരിശ്രമത്തിലാണ് കെട്ടിടത്തിന്റെ നിർമാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാനായത്. ജില്ലാ രൂപീകരണത്തിനു മുമ്പും ജില്ലാ ആശുപത്രിപദവി ലഭിച്ചിരുന്നു. ഇടതുപക്ഷം അധികാരത്തിലേറുമ്പോള്‍ ലഭിക്കുന്ന പരിഗണന, യുഡിഎഫ് ഭരണനാളുകളില്‍ ലഭിച്ചിട്ടില്ലെന്നതാണ് അനുഭവം. 1995 മുതല്‍ തുടര്‍ച്ചയായി ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതികളുടെ വികസന പദ്ധതികള്‍ യുഡിഎഫിന്റെയും സ്വകാര്യആശുപത്രി ലോബിയുടെയും താൽപര്യങ്ങള്‍ക്ക് വഴങ്ങി പലപ്പോഴും ചില ഉദ്യോഗസ്ഥർ അട്ടിമറിച്ചിട്ടുണ്ട്. തിരുവിതാംകൂർ ഭരണാധികാരികളാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ആശുപത്രി സ്ഥാപിച്ചത്. 1910–-11 ൽ ധർമാശുപത്രിയായി മാറ്റി. അന്നത്തെ കൊല്ലം ഡിവിഷനിലെ മുഖ്യആശുപത്രിയായിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും തുറന്നുകൊടുത്തു. പിന്നീട് താലൂക്ക് ആശുപത്രിയായും ജില്ലാ ആശുപത്രിയായും ഉയര്‍ത്തപ്പെട്ടു.











0 comments