95 ശതമാനം വിതരണം പൂർത്തിയായി
സന്തോഷക്കിറ്റുകൾ 36,931

സപ്ലൈകോ ജില്ലാ ഓണം ഫെയറിലെ തിരക്ക്
ആലപ്പുഴ
തിരുവോണനാളിന് മുമ്പേ ജില്ലയിലെ അർഹരായ കുടുംബങ്ങളിലും ക്ഷേമസ്ഥാപനങ്ങളിലുമായി സർക്കാരിന്റെ ഓണസമ്മാനമെത്തി. 36,931 ഓണക്കിറ്റുകളാണ് വിതരണം ചെയ്‌തത്. സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം 95 ശതമാനം പൂർത്തിയായി. ജില്ലയിൽ 38,841 എഎവൈ കാർഡുകളാണുള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ളത് 426 കിറ്റ്. വ്യാഴം വൈകിട്ട് 5.40 വരെ വിതരണംചെയ്‌തത്: കുടുംബങ്ങൾക്ക് 36,596. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക്: 335. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരുകിറ്റ് എന്ന നിലയിലാണ് നല്‍കുന്നത്. ഇൗ കിറ്റുകൾ ഉദ്യോഗസ്ഥർ നേരിട്ടെത്തി കൈമാറും. വിതരണം തുടരും. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്‌ത് 26 മുതലാണ് ആരംഭിച്ചത്. 15 സാധനങ്ങളടങ്ങിയ കിറ്റുകൾ മഞ്ഞക്കാര്‍ഡുകാര്‍ക്ക് റേഷന്‍കട വഴിയാണ് വിതരണംചെയ്യുന്നത്. സെപ്തംബര്‍ നാലുവരെയാണ് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്; ഇത് നീട്ടി കൈപ്പറ്റാത്തവര്‍ക്ക് സെപ്‌തംബറിലും വാങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിലുള്ളത്. ഇതിനു പുറമേ നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകുന്നുണ്ട്.









0 comments