ad
Deshabhimani

പാലം നിർമാണം

മുറിച്ച പൈപ്പ് പുനഃസ്ഥാപിച്ചില്ല; ചിങ്ങോലിയിൽ കുടിവെള്ളം മുടങ്ങി

drinking water

ചിങ്ങോലി തൈയിൽപ്പാലം നിർമാണത്തിനിടെ കുടിവെളള വിതരണ പൈപ്പ് പൊട്ടിയുണ്ടായ വെളളക്കെട്ട്

വെബ് ഡെസ്ക്

Published on Dec 21, 2025, 12:13 AM | 1 min read

കാർത്തികപ്പള്ളി ​

പാലം നിർമാണത്തിനായി മുറിച്ച ജലഅതോറിറ്റിയുടെ പൈപ്പ് പുനഃസ്ഥാപിക്കാത്തതിനാൽ ചിങ്ങോലിയിൽ കുടിവെള്ള വിതരണം മുടങ്ങി. ചിങ്ങോലി തൈയിൽപ്പാലത്തിന്റെ നിർമാണത്തിനാണ് നാലുദിവസം മുമ്പ്‌ പൈപ്പ് ഇരുവശത്തുനിന്നും മുറിച്ചത്. ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. പൈപ്പ് മാറ്റാനുളള തുക പാലം നിർമാണത്തിൽ വകയിരുത്തിയിട്ടില്ല. തുക അനുവദിച്ചാലേ ജലഅതോറിറ്റി പൈപ്പ് മാറ്റിയിടൂ. പാലത്തിന്റെ സമീപത്ത്‌ അടച്ചുവച്ചിരുന്ന പൈപ്പ് വീണ്ടും പൊട്ടാൻ തുടങ്ങി. ജലവിതരണം പൂർവ സ്ഥിതിയിലാകണമെങ്കിൽ 15 മീറ്റർ നീളത്തിൽ പുതിയ പൈപ്പിടണം. ഇതിനായി 10,000-രൂപ നൽകാമെന്ന്‌ പഞ്ചായത്ത് അറിയിച്ചു. നാലിഞ്ച് വ്യാസമുളള 15 മീറ്റർ ജിഐ പൈപ്പ് വേണ്ടിവരുന്നതിനാൽ ഈ തുക പോരെന്നതും തടസമാണ്‌. ഒന്നാംവാർഡിലും 14–-ാം വാർഡിന്റെ വടക്കൻ പ്രദേശത്തുമാണ് കുടിവെള്ളം പൂർണമായും മുടങ്ങിയത്. തീരപ്രദേശമായതിനാൽ മറ്റ്‌ ജല സ്രോതസുകളില്ല. പൈപ്പുവെള്ളത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. കുടിവെള്ളം നിലച്ചതോടെ ജനങ്ങൾക്ക്‌ വലിയ ദുരിതമാണ്. ഉടൻ പരിഹാരം ഉണ്ടാകണമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home