മേനി സമര ഓർമ നിലനിർത്തി ജില്ലാ പഞ്ചായത്തിന്റെ സാംസ്‌കാരികനിലയം

വള്ളികുന്നം മേനി മെമ്മോറിയൽ സാംസ്‌കാരികനിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ജില്ലാ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഭരണിക്കാവ് ഡിവിഷനിൽ വള്ളികുന്നം ഒമ്പതാംവാർഡിൽ നിർമിച്ച മേനി മെമ്മോറിയൽ സാംസ്‌കാരിക നിലയം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ഡി രോഹിണി അധ്യക്ഷയായി. മധ്യതിരുവിതാംകൂറിൽ കർഷകത്തൊഴിലാളികൾ ആദ്യമായി നടത്തിയ അവകാശസമരമാണ് മേനി സമരം. ഇതിന്റെ ഓർമയ്‌ക്കാണ് സാംസ്‌കാരികനിലയം നിർമിച്ചത്. 1953ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പട്ടികജാതിക്കാരനായ മേനി സ്വന്തം ഇഷ്‌ടപ്രകാരം വോട്ടുചെയ്‌തതാണ് മധ്യതിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ മേനി സമരത്തിന് കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോപ്പിൽഭാസിക്ക് വോട്ടുചെയ്യരുതെന്ന ജന്മിയുടെ നിർദേശം മേനിയും കുടുംബവും ലംഘിച്ചതാണ് തർക്കത്തിന് വഴിമരുന്നിട്ടത്. ജന്മി മേനിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പകരക്കാരനെ നിയമിച്ചു. ഇതിനെതിരെ കർഷകത്തൊഴിലാളികൾ സമരം തുടങ്ങി. സമരത്തെ നേരിടാൻ ജന്മിയും ഗുണ്ടകളും പൊലീസും രംഗത്തെത്തി. മേനിയും ഭാര്യ കർത്തയും കുടുംബാംഗങ്ങളും സമരക്കാരും കടുത്ത പൊലീസ് മർദനത്തിന് ഇരയായി. 54 ദിവസം നീണ്ടസമരത്തിൽ എ കെ ജിയടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ വള്ളികുന്നത്തെത്തി സമരത്തിൽ പങ്കെടുത്തുവെന്നത് ചരിത്രം. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സുമ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, വള്ളികുന്നം പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ജെ രവീന്ദ്രനാഥ്, പഞ്ചായത്തംഗങ്ങളായ ആർ രാജി, ബിജി പ്രസാദ്, ത്രിദീപ്‌കുമാർ, പി കോമളൻ, ശിവൻകുട്ടിനായർ, സിഡിഎസ് ചെയർപേഴ്സൺ ഷീജ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ആർ ശ്രീദേവി എന്നിവർ സംസാരിച്ചു.











0 comments