ad
Deshabhimani

നാട്‌ കൈകോർത്തു, സ്വപ്‌നഭവനത്തിന്‌ കല്ലിട്ടു

വിദ്യാർഥികൾക്കായി നിർമിക്കുന്ന വീടിന് സാഹിത്യകാരൻ ഷൗക്കത്ത് കല്ലിടുന്നു

വിദ്യാർഥികൾക്കായി നിർമിക്കുന്ന വീടിന് സാഹിത്യകാരൻ ഷൗക്കത്ത് കല്ലിടുന്നു

വെബ് ഡെസ്ക്

Published on Dec 23, 2025, 12:22 AM | 1 min read

മങ്കൊമ്പ്

ബിആർസിയും നാട്ടുകാരും കൈകോർത്തപ്പോൾ വിദ്യാർഥികളായ മൂന്നുപെൺകുട്ടികൾക്കും അമ്മയ്‌ക്കും വീടെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂ‌ളിലെ വിദ്യാർഥികൾക്കാണ്‌ മങ്കൊമ്പ് ബിആർസിയുടെ നേതൃത്വത്തിൽ വീട് ഒരുങ്ങുന്നത്. ബിആർസിയും അമേരിക്കൻ വനിത കൂട്ടായ്‌മയായ പുണ്യവും ചേർന്ന് നടപ്പിലാക്കുന്ന ‘പവർ ഓഫ് എ പെൻ' പദ്ധതിയുടെ ഭാഗമായിട്ടാണ്‌ വീടൊരുങ്ങുന്നത്. അച്ഛൻ മരിച്ചശേഷം അമ്മയുടെ വീട്ടിലെ ഒറ്റമുറിയിൽ കുടുംബം താമസിക്കുന്ന ദുരിതകഥ സഹപാഠിയായ അനുശ്രീ എം എസ് കുമാർ പവർ ഓഫ് എ പെൻ പദ്ധതിയിലൂടെ ലഭിച്ച വിത്തുനിറച്ച പേപ്പർ പേന ഉപയോഗിച്ച് എഴുതി സ്‌കൂളിലെ എൻസിസി കോ–ഓർഡിനേറ്ററായ അധ്യാപിക ജിൻസി തോമസിന്‌ നൽകി. ബിആർസിയിലെ ഓഫീസർ രാജേഷ് വിജയൻ പുണ്യം ഭാരവാഹികൾക്ക്‌ വിവരം കൈമാറി. വീട്‌ നിർമിക്കാൻ തയാറായെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതും പ്രതിസന്ധിയായി. പരിഹാരംകാണാൻ സ്‌കൂൾ അധികൃതർ മുന്നിട്ടിറങ്ങി. മങ്കൊമ്പ് ഇടയാടിയിൽ എ സി ചാക്കോയുടെ 25–-ാം ചരമവാർഷികത്തിൽ എ സി ചാക്കോയുടെ ഭാര്യ മറിയമ്മയും മക്കളും തങ്ങളുടെ നാലു സെന്റ് സ്‌ഥലം സൗജന്യമായി വിട്ടുനൽകി. ലഭ്യമായ ഭൂമി മണ്ണിട്ടുയർത്താൻ എസ്എൻഡിപി കുട്ടനാട് യൂണിയന്റെയും പഞ്ചായത്തംഗം ടി എസ് പ്രദീപ്‌കുമാറടക്കം സുമനസുകളുടെയും സഹായം ലഭ്യമായി. സാഹിത്യകാരൻ ഷൗക്കത്ത് വീടിന്‌ കല്ലിട്ടു. പണി പൂർത്തിയാക്കി ഏപ്രിൽ ഒന്നിന്‌ കൈമാറാനാണ്‌ ലക്ഷ്യമിടുന്നത്. 500 ചതുരശ്ര അടി വിസ്‌തീർണത്തിൽ രണ്ടു കിടപ്പുമുറികളും ഹാളും സിറ്റ്‌ഒ‍ൗട്ടും അടുക്കളയും ശുചിമുറിയും അടങ്ങുന്നതാണു വീട്. മങ്കൊമ്പ് ബിപിസി രാജേഷ് വിജയൻ നേതൃത്വം നൽകും. കാരക്കാട് കൺസ്ട്രക്ഷനാണ് നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home