കുട നിവർത്തും കൂൺ സമൃദ്ധി

മാവേലിക്കര നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതി ആലോചനായോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആർ ബിനു
Published on Aug 22, 2025, 12:00 AM | 1 min read
ചാരുംമൂട്
കൂൺകൃഷിയുടെ കുട നിവർത്തുന്ന സമൃദ്ധിയിയിലേക്ക് മാവേലിക്കര മാറും. കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാവേലിക്കര മണ്ഡലത്തിൽ എം എസ് അരുൺകുമാർ എംഎൽഎയുടെ നേതൃത്വത്തിലാണ് കൂൺ ഗ്രാമം പദ്ധതി. യുവാക്കളുടെയും കുടുംബശ്രീ അംഗങ്ങളുടെയും കൃഷിക്കൂട്ടങ്ങളുടെയും സഹകരണ സംഘങ്ങളുടെയും ചെറുകിട കർഷകരുടെയും ഇടയിലാണ് കൂൺ കൃഷി വ്യാപിപ്പിക്കുന്നത്. സംഭരണത്തിനും സംസ്കരണത്തിനും വിതരണത്തിനും അടിസ്ഥാന സൗകര്യമൊരുക്കും. നൂറനാട് , വള്ളികുന്നം, താമരക്കുളം, ചുനക്കര, പാലമേൽ, തഴക്കര, തെക്കേക്കര, മാവേലിക്കര നഗരസഭ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 30 ലക്ഷം രൂപയാണ് ചെലവിടുന്നത്. കുറഞ്ഞത് 100 ബെഡ് കൃഷി ചെയ്യുന്ന 100 സംരംഭകരെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കൂൺ വിത്ത് ഉൽപ്പാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകൾക്കുംസംഭരിക്കാനും വിപണനത്തിനുമുള്ള പാക്ക് ഹൗസുകൾക്കും സഹായം നൽകും. രണ്ട് ഹൈടെക്ക് യൂണിറ്റുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ ജൈവ വളമാക്കി മാറ്റാനും സഹായം നൽകും. മണ്ഡലത്തിൽ കുറഞ്ഞത് 200 തൊഴിലവസരങ്ങളും സൃഷ്ടിക്കും. പദ്ധതി നടത്തിപ്പിനായി ചേർന്ന ആലോചനയോഗം എം എസ് അരുൺകുമാർ ഉദ്‌ഘാടനംചെയ്‌തു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു സാറാ എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. കെ മോഹൻകുമാർ (തെക്കേക്കര), ഷീബ സതീഷ് (തഴക്കര), കെ ആർ അനിൽകുമാർ (ചുനക്കര), ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സുമ, മാവേലിക്കര അസിസ്റ്റന്റ് ഡയറക്ടർ ടി ടി അരുൺ, ചാരുംമൂട് അസിസ്റ്റന്റ് ഡയറക്ടർ രാജശ്രീ നരേന്ദ്രൻ എന്നിവരും പദ്ധതി നടപ്പാക്കുന്ന എല്ലാ പഞ്ചായത്തുകളിലെയും കൃഷി ഓഫീസർമാരും പങ്കെടുത്തു.









0 comments