ad
Deshabhimani

സെൻസസ് ആദ്യഘട്ടത്തിന് തുടക്കം

അധ്യാപകർ സെൻസസിന്‌; സ്‍കൂളിൽ ഇനി സ്വയംപഠനം

സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി വിവരങ്ങൾ  ശേഖരിക്കുന്ന ഉദ്യോഗസ്ഥൻ

സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥൻ

avatar
അനിൽ വി ആനന്ദ്‌

Published on Jul 02, 2026, 02:24 AM | 1 min read

ആലപ്പുഴ

സെൻസസ് ജോലിക്കായി അധ്യാപകര്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ സ്‌‍കൂളുകളിൽ പഠനം പ്രതിസന്ധിയിലേക്ക്. എല്ലാ സ്‍കൂളിലും പകുതി അധ്യാപകര്‍ക്ക് സെൻസസ് ഡ്യൂട്ടിയുണ്ട്. വീടുകളിൽ നേരിട്ടെത്തേണ്ടതിനാൽ ആദ്യദിനം പല സ്‍കൂളുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകര്‍ക്ക് 20 പകുതിദിവസ അവധിയോ 10 പൂർണദിവസ അവധിയോ എടുക്കാമെന്നതാണ് പുതിയ ഉത്തരവ്. ഓണപ്പരീക്ഷയ്‌ക്കിനി 29 അധ്യയനദിനം മാത്രമേയുള്ളൂ. കുറഞ്ഞത് പത്ത് ദിവസം അധ്യാപകരെത്തില്ല. അധ്യയനത്തെ ബാധിക്കാതിരിക്കാൻ ദിവസവേതനത്തിന് പകരം അധ്യാപകരെ നിയമിക്കണമെന്ന കെഎസ്‍ടിഎയടക്കം സംഘടനകളുടെ ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ തള്ളിയതും പ്രതിസന്ധിയായി. എസ്ഐആര്‍ സമയത്ത് പകരം താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് എൽഡിഎഫ് സര്‍ക്കാര്‍ പ്രശ്നപരിഹാരം കണ്ടത്. 34 ചോദ്യത്തിന് ഉത്തരം കണ്ടെത്തണം ജില്ലയിൽ 3930 എൽപി, യുപി, ഹൈസ്‍കൂൾ അധ്യാപകരെയാണ് എന്യൂമറേറ്റർമാരായി നിയമിച്ചത്. ഇവര്‍ ആദ്യഘട്ടം വീടുകളിലെത്തി നമ്പറിട്ട് തുടങ്ങി. പൂര്‍ത്തിയായശേഷം വീടുകളുടെ വിവരശേഖരണം തുടങ്ങും. തിരിച്ചറിയൽ വിശദാംശം, വീടുകളുടെ നിര്‍മാണ സാമഗ്രികള്‍, കുടുംബവിവരങ്ങള്‍, കക്കൂസിന്റെ തരം, കുടിവെള്ള സ്രോതസ്സ്, വാഹനമടക്കം ആസ്‍തി, കുടുംബത്തിന്റെ ഭക്ഷണശീലം തുടങ്ങി നേരിട്ടുപോയി 34 ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തണം. ജോലിക്ക് പോകുന്നവര്‍ പകൽ വീടുകളിലുണ്ടാകില്ല. രാത്രി വരെ ഇതിനായി പോകേണ്ടിവരും. വനിത അധ്യാപകര്‍ക്കും ദൂരസ്ഥലത്തുനിന്ന് വരുന്നവര്‍ക്കും ഇത് പ്രതിസന്ധിയാകും. മഴയടക്കം വെല്ലുവിളികള്‍ വേറെയും. സെൽഫ് എന്യൂമറേഷൻ ചെയ്‌തവരുടെ വീടുകളിൽ എന്യുമറേറ്റര്‍ എത്തുമ്പോള്‍ ഓൺലൈനിൽ ചെയ്‍തതിന്റെ നമ്പര്‍ വാങ്ങി മൊബൈൽ ആപ്പിൽ പരിശോധിച്ചാണ് തുടര്‍നടപടി. 200 – -250 വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടിവരിക. ഡ്യൂട്ടിക്ക്‌ പോയശേഷം മാത്രമേ ഇതിൽ വ്യക്തത വരൂ. അധ്യയനത്തെ ബാധിക്കാതിരിക്കാൻ അധ്യാപകര്‍ ശനിയും ഞായറും സെൻസസ് ഡ്യൂട്ടി ചെയ്‌‍താൽ മതിയെന്ന പൊതുവിദ്യാഭ്യാസ ഡയറക്‍ടര്‍ കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കിയെങ്കിലും അപ്രായോഗികമാണെന്ന വിമര്‍ശം ശക്തമായി. ജൂലൈയിൽ ശനിയും ഞായറും മാത്രമായി ആകെ എട്ട് ദിവസം മാത്രമേ ലഭിക്കൂ. തുടര്‍ന്നാണ് പൊതുഭരണവകുപ്പ് പുതിയ ഉത്തരവിറക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home