കുട്ടിയുടെ കൈയിൽ മയക്കുമരുന്ന് നൽകിയ കേസിൽ ഒരാൾ പിടിയിൽ

ശ്യാംലാൽ
കായംകുളം
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈയിൽ മാരക മയക്കുമരുന്ന് നൽകി മറ്റൊരാളെ കുടുക്കാൻ ശ്രമിച്ച കേസിൽ മൂന്നാംപ്രതി പിടിയിൽ. കണ്ടല്ലൂർ തെക്ക് മുറിയിൽ ശ്യാംലാൽ നിവാസിൽ താറാവ് ശ്യാം എന്ന് വിളിക്കുന്ന ശ്യാംലാൽ(29) നെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ എൽഎസ്ഡി സ്റ്റാമ്പുമായി പിടികൂടിയ കേസിലാണ് അറസ്റ്റ് . തിരുവനന്തപുരം സ്വദേശിയായ സംഗീത് എന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കാൻ ശ്യാമിന്റെ അടുത്ത സുഹൃത്ത് ഏറ്റെടുത്ത ക്വട്ടേഷൻ പ്രകാരം കുട്ടിയെ ഉപയോഗിക്കുകയായിരുന്നു. ഐഫോൺ പ്രതിഫലമായി നൽകാമെന്ന് വാഗ്ദാനം ചെയ്‌താണ് ശ്യാം കുട്ടിയെ വലയിലാക്കിയത്. തുടർന്ന് ഇവർ കുട്ടിയുടെ കൈയിൽ മയക്കുമരുന്ന് നൽകി പൊലീസിന്റെ പിടിയിലാക്കി. കുട്ടിയെ ചോദ്യം ചെയ്തപ്പോൾ മയക്കുമരുന്ന് നൽകിയത് തിരുവനന്തപുരം സ്വദേശി സംഗീതാണെന്ന് പറയുകയും, പൊലീസ് സംഗീതിനെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയോട് കൂടുതലായി ചോദിച്ചതിൽ മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്റെ ചുരുളഴിഞ്ഞത്. അതിനെ തുടർന്ന് രണ്ടാം പ്രതിയായ രാഘിലിനെ പൊലീസ് പിടികൂടുകയും ശ്യാം ഒളിവിൽ പോവുകയുമായിരുന്നു. കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ഇയാൾ.പാലക്കാട് ജില്ലയിലെ പാമ്പള്ളം ടോൾ പ്ലാസയിൽ വച്ചാണ് കായംകുളം പൊലീസ് പിടികൂടിയത്. കായംകുളം ഡിവൈഎസ്‌പി ബിനുകുമാർ, സിഐ അരുൺ ഷാ,എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ ശ്യാമിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.









0 comments