യഥാർഥമുഖം തിരിച്ചറിഞ്ഞ് വോട്ടർമാർ
വൻതോൽവിയാണ് ട്വന്റി 20; പാഴാക്കിയത് കോടികൾ

കൊച്ചി
നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനുമായി ചെലവഴിക്കേണ്ട കോടികൾ പാഴാക്കി ട്വന്റി20. വിവിധ പദ്ധതികൾക്കായി ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകൾ പാഴാക്കിയതായി ഓഡിറ്റിൽ കണ്ടെത്തി. വോട്ടർമാരെ കബളിപ്പിക്കാൻ വൻ വാഗ്‌ദാനങ്ങൾ നൽകി ഇൗ തെരഞ്ഞെടുപ്പിലും മുന്നോട്ടുപോകുന്നതിനിടെയാണ് യഥാർഥമുഖം പുറത്തായത്. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർടി.
കിഴക്കന്പലം പഞ്ചായത്ത് 10 വർഷത്തിനിടെ 19.14 കോടി രൂപയാണ് പാഴാക്കിയത്. കുന്നത്തുനാട്ടിൽ അഞ്ച് വർഷത്തിനുള്ളിൽ 8.9 കോടി രൂപയും മഴുവന്നൂരിൽ നാലുവർഷത്തിനകം 12.99 കോടി രൂപയും ഐക്കരനാട് ഇതേ കാലയളവിൽ 2.52 കോടിയും പാഴാക്കി. കുടിവെള്ളം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതിക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കേണ്ട തുകയാണിത്.
കേന്ദ്ര–സംസ്ഥാന സർക്കാർ ഗ്രാന്റുകളും തനത് ഫണ്ടും പൂർണമായി ചെലവഴിക്കാനും തയ്യാറായില്ല. പകരം ഇത് പഞ്ചായത്തുകളുടെ നീക്കിയിരിപ്പാണെന്ന് പറഞ്ഞ് മേനിനടിക്കുകയാണ് ട്വന്റി20 നേതൃത്വം. നിരവധി പദ്ധതികൾ ഇൗ പഞ്ചായത്തുകളിൽ പൂർത്തിയാക്കാനുണ്ട്. എന്നാൽ, അതിനുള്ള തുക ചെലവഴിക്കാതെ നീക്കിയിരിപ്പായി മാറ്റുകയും ഇത് മുൻനിർത്തി നേട്ടം അവകാശപ്പെടുകയുമാണ്. ട്വന്റി 20യുടെ യഥാർഥ മുഖം വ്യക്തമായതോടെയാണ് നേതാക്കൾ ഉൾപ്പെടെ പാർടിവിട്ടത്. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ ഉയർത്തി ട്വന്റി20യുടെ ജനവഞ്ചന അക്കമിട്ട് നിരത്തുകയാണ് പാർടി വിട്ടവർ.
ജനാധിപത്യവിരുദ്ധവും വികസനത്തെ പിന്നോട്ടടിപ്പിക്കുകയുമാണ് ട്വന്റ20യെന്ന് ഇവർ വെളിപ്പെടുത്തി. എല്ലാമേഖലകളിലും നാടിനെ തകർത്തെറിയുകയും സ്വന്തം കോർപറേറ്റ് രാഷ്ട്രീയ അജൻഡകൾ നടപ്പാക്കുകയുമാണ് ട്വന്റ20 ചെയ്യുന്നതെന്നും ജനം തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകാൻ ഒരുങ്ങുകയാണ് വോട്ടർമാർ.









0 comments