print edition ശബരിമല ഹർജി’യിൽ ആകെ പിഴവുകൾ ; രാജീവ് ചന്ദ്രശേഖറിന് ഹെെക്കോടതിയുടെ രൂക്ഷവിമർശം

കൊച്ചി
ശബരിമല ദ്വാരപാലക ശിൽപ്പപാളി സ്വര്‍ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നല്‍കിയ ഹര്‍ജിയിൽ ആകെ പിഴവുകളെന്ന് ഹെെക്കോടതി. വിഷയത്തിൽ ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ പരിശോധിക്കാതെയാണോ ഹര്‍ജി നല്‍കിയതെന്ന് ആരാഞ്ഞ ദേവസ്വം ബെഞ്ച് എതിർകക്ഷികളുടെ മേൽവിലാസംവരെ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
ശബരിമലയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും സമഗ്ര ഓഡിറ്റ് നടത്താന്‍ നേരത്തേതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയിലെ സ്വത്തുവിവരത്തിന്റെ കണക്കെടുക്കാന്‍ റിട്ട. ജഡ്ജിയെ നിയോഗിച്ചതൊന്നും ഹർജി നൽകുമ്പോൾ അറിഞ്ഞില്ലേയെന്നും ജസ്റ്റിസുമാരായ വി രാജാ വിജയരാഘവനും കെ വി ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ചോദിച്ചു. എല്ലാ കരാറുകളും ടെന്‍ഡര്‍ നടപടികളിലൂടെ മാത്രമേ നല്‍കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി മുന്‍ ഉത്തരവുകള്‍ പരിശോധിക്കാതെയുള്ള ഹര്‍ജിയായതിനാൽ പരിഗണിക്കാനാകില്ലെന്ന് നിലപാടെടുത്ത ദേവസ്വം ബെഞ്ച് വസ്തുതകളോടെ, ഹർജി തിരുത്തി നൽകാനും നിർദേശിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കുന്ന സംഘത്തില്‍ സിബിഐ ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.








0 comments