തേടിവന്നു ചങ്ങാതിമാർ
ഒരുക്കി സ്‌പെഷ്യൽ ഓണം

ആലപ്പുഴ
ശാരീരിക അവശതകളാൽ സ്‌കൂളുകളിൽ എത്താനാകാത്ത മങ്കൊമ്പിലെ അനന്തകുമാറിനെയും തുറവൂരിലെ ബാദുഷയെയും കിടങ്ങറയിലെ അനഘയെയുമെല്ലാം തേടി ഓണക്കോടിയും ഓണസമ്മാനവുമായി ഓണച്ചങ്ങാതിമാരെത്തി. ഒരുമിച്ചിരുന്ന് പൂക്കളമിട്ടും സദ്യയുണ്ടും പാട്ടുപാടിയും ഓണക്കളികളിലേർപ്പെട്ടും പൊന്നോണം നല്ലോണമാക്കിയാണ് ഓണച്ചങ്ങാതിമാർ മടങ്ങിയത്. വിദ്യാലയത്തിൽ എത്താനാകാത്ത കുട്ടികളുടെ വീട്ടിൽ സഹപാഠികളും അധ്യാപകരും ബിആർസി പ്രവർത്തകരും ഒത്തുചേർന്ന് ആഘോഷമൊരുക്കുന്ന ‘ഓണച്ചങ്ങാതി’ പരിപാടിയിൽ ജില്ലയിൽ പങ്കാളികളായത് 324 ഭിന്നശേഷിക്കുട്ടികൾ. കിടപ്പിലായി ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനും സാമൂഹ്യ ഉൾച്ചേർക്കലിനുമായി സമഗ്രശിക്ഷ കേരള രൂപീകരിച്ച സമപ്രായക്കാരുടെ സൗഹൃദക്കൂട്ടായ്മ ‘ചങ്ങാതിക്കൂട്ടം’ പരിപാടിയിലാണ് ആഘോഷങ്ങൾ. 11 ബിആർസികളിലും ഒമ്പത് ഓട്ടിസം സെന്ററുകളിലും ഓണാഘോഷം നടന്നു. ഓരോ ബിആർസി-യ്ക്കും രണ്ട് കുട്ടികളുടെ വീട്ടിൽ ഓണാഘോഷത്തിന് 8,000 രൂപവീതം അനുവദിച്ചു. അധ്യാപകർ, സ്ഥാപനമേധാവികൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, സർക്കാർ, സർക്കാരിതര ഏജൻസികൾ, കുടുംബശ്രീ ബാലസഭകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കി. സെപ്‌തംബർ 10വരെയാണ് പരിപാടി സംഘടിപ്പിക്കേണ്ടത്. കുട്ടികളുടെ വീടുകളിൽ പൂക്കളം തയാറാക്കുക, കിടപ്പിലായ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി ഓണക്കളികൾ, ഓണപ്പാട്ടുകൾ എന്നിവ ഒരുക്കുക, സാഹചര്യം പരിഗണിച്ച് പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഓണസദ്യ ഒരുക്കുക, ഓണസമ്മാനവും ഓണക്കോടിയും നൽകുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.










0 comments