ad
Deshabhimani

അനധികൃത കുടിയേറ്റം തടയാനെന്ന പേരിൽ പുതിയ ‘ഡെമോഗ്രഫി മിഷൻ’; ജനസംഖ്യാ വളർച്ച നിയന്ത്രിക്കാനെന്ന് കേന്ദ്രം

amit shah

അമിത് ഷാ | File Photo

വെബ് ഡെസ്ക്

Published on Jul 10, 2026, 07:12 AM | 2 min read


ന്യൂഡൽഹി : രാഷ്ട്രീയ ലക്ഷ്യങ്ങളും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയങ്ങളും മുന്നിൽക്കണ്ട് രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാ ഘടനയെക്കുറിച്ച് പുതിയ ഭീതിയുണർത്താൻ കേന്ദ്രത്തിന്റെ നീക്കം. അനധികൃത കുടിയേറ്റം പോലുള്ള അസ്വാഭാവിക കാരണങ്ങളാൽ അതിർത്തി പ്രദേശങ്ങളിലുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏറ്റവും താഴേത്തട്ടിൽ നിന്ന് ഉന്നതതലങ്ങളിലേക്ക് എത്രയും വേഗം കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ് പ്രസ്താവിച്ചു. ഇത്തരം അസ്വാഭാവിക ജനസംഖ്യാ വളർച്ച തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ സ്വഭാവം പഠിക്കാൻ ഒരു 'ഡെമോഗ്രഫി മിഷൻ' രൂപീകരിച്ചിട്ടുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങളെ പൗരത്വത്തിന്റെ പേരിൽ വേട്ടയാടാനും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വെക്കാനുമുള്ള നീക്കമായാണ് ഈ പുതിയ മിഷൻ വിലയിരുത്തപ്പെടുന്നത്.


ഇതാദ്യമായി ഡൽഹിയിൽ സംഘടിപ്പിച്ച ലാൻഡ് ബോർഡർ ഡിസ്ട്രിക്റ്റ്സ് സൂപ്രണ്ട്സ് ഓഫ് പോലീസ് കോൺഫറൻസ് 2026ൽ സംസാരിക്കുകയായിരുന്നു ഷാ. രാജ്യത്തെ 119 അതിർത്തി ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാരെ (എസ്പി) വിളിച്ചുകൂട്ടി പ്രത്യേക രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങളാണ് കേന്ദ്രം നൽകിയത്. അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങളുടെ പ്രധാന കാരണം നുഴഞ്ഞുകയറ്റമാണെന്ന് ആഭ്യന്തര മന്ത്രി ആരോപിച്ചു.


അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി മോദി സർക്കാർ നാല് തലങ്ങളിലുള്ള സുരക്ഷാ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. ഇതോടെ ഇന്ത്യയുടെ സുരക്ഷാ സമീപനം മാറിയെന്നും രാജ്യം പൂർണമായും നുഴഞ്ഞുകയറ്റ വിമുക്തമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ മഹേഷ് ദീക്ഷിത് എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരും യോ​ഗത്തിൽ പങ്കെടുത്തു.


ഒറ്റപ്പെട്ട അതിർത്തി ഔട്ട്‌പോസ്റ്റ് സംവിധാനത്തിൽ നിന്ന് സംയോജിത സുരക്ഷാ ഗ്രിഡ് രൂപീകരിക്കുന്നതിലേക്ക് സർക്കാർ നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. 'സ്മാർട്ട് ബോർഡർ' എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ അതിർത്തി സുരക്ഷാ സംവിധാനം വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും ആധുനികമായ ഒന്നായി മാറുമെന്നും ഷാ പറഞ്ഞു.


ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ 1,610 കിലോമീറ്റർ പ്രദേശം 31,000 കോടി രൂപ ചെലവിൽ വേലി കെട്ടി സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതായും അമിത് ഷാ പറഞ്ഞു. പ്രോക്സി യുദ്ധം, തീവ്രവാദ ചിന്താഗതികളുടെ വ്യാപനം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്രം നടപ്പിലാക്കാനിരിക്കുന്ന പൗരത്വഭേദഗതി ബില്ലിലേക്ക് നയിക്കുന്നതിനുള്ള പ്രാഥമിക അജണ്ട കൂടിയാണ് പുതിയ നീക്കങ്ങളിലൂടെ രൂപപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home