ad
Deshabhimani

ഇറാനിലുടനീളം അമേരിക്കയുടെ കനത്ത വ്യോമാക്രമണം; യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം

US Iran

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 10, 2026, 06:35 AM | 2 min read

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണമായും ലംഘിച്ചുകൊണ്ട് അമേരിക്കൻ സൈന്യം ഇറാനിലുടനീളം ഏകപക്ഷീയമായ വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഈ കനത്ത കടന്നാക്രമണത്തിന് പിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ പ്രതിരോധ സേന ശക്തമായ തിരിച്ചടി നൽകി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയുടെ പേരുപറഞ്ഞ് അമേരിക്ക അഴിച്ചുവിട്ട ഈ യുദ്ധവെറി പശ്ചിമേഷ്യയെ പൂർണമായും യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ കടന്നാക്രമണം ആഗോള ഊർജ്ജ വിതരണ മേഖലയെയും വൻ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്.


രണ്ടു ദിവസമായി തുടരുന്ന അമേരിക്കൻ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനിലെ 90 തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായി യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ഇറാന്റെ ഏക ആണവനിലയമുള്ള ബുഷെഹറിലും തെക്കൻ തുറമുഖ നഗരങ്ങളിലും കനത്ത സ്ഫോടനങ്ങളാണ് ഉണ്ടായത്. ആണവനിലയത്തിന് സമീപം അമേരിക്ക ബോംബാക്രമണം നടത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.


ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കാനിരുന്ന മഷാദിലേക്കുള്ള പാതയിലെ രണ്ട് പ്രധാന പാലങ്ങളും ഗോലെസ്താൻ പ്രവിശ്യയിലെ റെയിൽവേ പാലവും തകർത്തുകൊണ്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും യാത്രാമാർഗങ്ങളെയും അസ്ഥിരപ്പെടുത്താനാണ് യുഎസ് സൈന്യം ശ്രമിച്ചത്. താൽക്കാലിക കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ജൂൺ മാസത്തിൽ ഇരട്ടിയായി വർധിച്ചുവരുന്നതിനിടയിലാണ് അമേരിക്കയുടെ ഈ പുതിയ അധിനിവേശ നീക്കം തിരിച്ചടിയാകുന്നത്.


അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ റവല്യൂഷണറി ഗാർഡ് നടത്തിയ മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങൾക്ക് നേരെ പ്രത്യാക്രമണങ്ങൾ നടത്തി. യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനമുള്ള ബഹ്‌റൈനിൽ മൂന്ന് തവണയാണ് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്. കുവൈറ്റ്, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക സാന്നിധ്യമുള്ള കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുണ്ടായി.


ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ കൃത്യമായ ലക്ഷ്യത്തോടെയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. കുവൈറ്റിലേക്ക് വന്ന മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടതായി അവിടുത്തെ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ താവളങ്ങൾക്ക് നേരെയുള്ള ഇറാന്റെ പ്രതിരോധം കൃത്യമായ മുന്നറിയിപ്പാണ് നൽകുന്നത്.


നാറ്റോ ഉച്ചകോടിക്ക് ശേഷം എക്സ് പ്ലാറ്റ്‌ഫോമിലൂടെ തികച്ചും ധിക്കാരപരമായ മുന്നറിയിപ്പുകളാണ് ട്രംപ് ഇറാനുനേരെ നടത്തിയത്. ഇറാന്റെ വൈദ്യുതി-കുടിവെള്ള വിതരണ നിലയങ്ങൾ തകർക്കുമെന്നും, പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നുമാണ് ട്രംപിന്റെ പുതിയ ഭീഷണി. അമേരിക്കയുടെ വാഗ്ദാന ലംഘനങ്ങൾക്കും ഭീഷണികൾക്കും വരുംദിവസങ്ങളിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് തിരിച്ചടിച്ചു.


സാമ്രാജ്യത്വ യുദ്ധക്കൊതിക്കെതിരെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനായി സൗദി അറേബ്യ, തുർക്കി, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും പാകിസ്ഥാൻ സൈനിക മേധാവിയുമായും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അടിയന്തര ചർച്ചകൾ നടത്തിവരികയാണ്. ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം നടക്കാനിരുന്ന നിർണായകമായ ആണവ ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് യുദ്ധത്തിലേക്ക് ലോകത്തെ നയിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home