ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ പാദസരം പൊട്ടിച്ചെടുത്തു

താമരക്കുളം ഗുരുനാഥൻകുളങ്ങരയിലുള്ള വീട്ടിൽ മോഷണം നടത്താനായി തുരന്ന ജനൽ
ചാരുംമൂട്
ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ പാദസരം പൊട്ടിച്ചെടുത്തു. താമരക്കുളം ഗുരുനാഥൻകുളങ്ങര പ്ലാവിളയിൽ അനിലിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന അനിലിന്റെ ഭാര്യ രമ്യയുടെ കാലിൽ കിടന്നതിൽ ഒരു സ്വർണപാദസരമാണ് മോഷ്‌ടാവ് പൊട്ടിച്ചെടുത്തത്. വീടിന്റെ ജനാലയോട് ചേർന്നാണ് ഇവർ കിടന്നിരുന്നത്. പുറത്തെത്തിയ മോഷ്‌ടാവ് ജനാലയുടെ കൊളുത്തുള്ള ഭാഗം തടി തുളയ്‌ക്കുന്ന തമിര് ഉപയോഗിച്ച് തുരന്ന് ജനാലപാളി തുറക്കുകയും പാദസരം മുറിച്ച് എടുക്കുകയുമായിരുന്നെന്ന് കരുതുന്നു. പുലർച്ചെ മൂന്നോടെ ഇവർ ഉണർന്നപ്പോഴാണ് ഒരു കാലിലെ പാദസരം നഷ്‌ടപ്പെട്ടതറിയുന്നത്. വീടിനുള്ളിൽ കാണുമെന്ന് കരുതി തെരഞ്ഞെങ്കിലും കിട്ടിയില്ല. രാവിലെ ജനൽ ഭാഗത്ത് നോക്കുമ്പോഴാണ് കൊളുത്തിന്റെ ഭാഗത്ത് ദ്വാരങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നൂറനാട് പൊലീസിൽ വിവരം അറിയിച്ചു. വീടിന്റെ തെക്കുഭാഗത്തായി മോഷ്‌ടാവിന്റെയെന്ന് കരുതുന്ന കാൽപ്പാടുകൾ ഉണ്ടായിരുന്നു. സമാനരീതിയിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments