എസ്‌ഐആർ ഹിയറിങ് 5ന് ആരംഭിക്കും
വോട്ടുറപ്പിക്കണം


സ്വന്തം ലേഖകൻ
Published on Jan 03, 2026, 01:02 AM | 1 min read
ആലപ്പുഴ
ജില്ലയിൽ വോട്ടർപ്പട്ടിക തീവ്ര പരിഷ്‌കരണ(എസ്ഐആർ)ത്തിൽ കണ്ടെത്താൻ സാധിക്കാത്തവർക്കായി ഹിയറിങ് തിങ്കൾ മുതൽ ആരംഭിക്കും. നോട്ടീസ് നടപടികൾ ആരംഭിച്ചു. ബൂത്ത്‌ലെവൽ ഓഫീസർമാർ മുഖേനയാണ് നോട്ടീസ് നൽകുന്നത്. 2025ലെ പട്ടികയിലുണ്ടായിരുന്നവരും 2002ലെ പട്ടികയിലുള്ളവരുമായി ബന്ധം കണ്ടെത്താൻ സാധിക്കാത്തവരുമായ (അൺ മാപ്പ്‌ഡ്) വോട്ടർമാർക്കായാണ് ഹിയറിങ്. ഡിസംബർ 23ന് പുറത്തിറങ്ങിയ കരട്‌പട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നു. നോട്ടിസിൽ ഹിയറിങ് തീയതിയും സ്ഥലവും സമയവും രേഖപ്പെടുത്തും. രാവിലെ ഒമ്പത് മുതൽ പകൽ 12 വരെ, 12 മുതൽ മൂന്നുവരെ, മൂന്ന് മുതൽ വൈകിട്ട് അഞ്ചുവരെ എന്നിങ്ങനെ മൂന്നായിതിരിച്ചാണ് സമയം അനുവദിക്കുന്നത്. അസി. ഇലക്ടറൽ രജിസ്‌റ്റർ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഹിയറിങ്. ഒരു ദിവസം പരമാവധി 150 പേരെ ഹാജരാക്കാനാണ് ലക്ഷ്യം. ഒരാൾക്ക് മൂന്ന് മുതൽ അഞ്ച് മിനിറ്റുവരെ സമയം അനുവദിക്കും. ഹാജരാകാൻ സാധിക്കാത്തവർ രേഖാമൂലം ഇലക്ടറൽ രജിസ്ട്രാർ ഓഫീസർക്ക് അപേക്ഷ നൽകിയാൽ ഒരു അവസരംകൂടി ലഭിക്കും. അതിലും ഹാജരാകാൻ സാധിക്കാത്തവരെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. ഫെബ്രുവരി 14ന് മുമ്പ് ഹിയറിങ് പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നിർദ്ദേശം. ഫെബ്രുവരി 21ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും.










0 comments