പൊളിയാണ് പൊളിറ്റിക്കൽ ജെൻസി


സ്വന്തം ലേഖകൻ
Published on Sep 19, 2026, 02:18 AM | 1 min read
ആലപ്പുഴ
അധികാര ദുർവിനിയോഗത്തിനും വർഗീയ ധ്രുവീകരണശ്രമങ്ങൾക്കും വിദ്യാർഥികളുടെ ചുട്ട മറുപടി. കിഴക്കിന്റെ വെനീസിൽ ശുഭ്രപതാകയുടെ വിജയത്തേരോട്ടം തുടർന്ന് എസ്‌എഫ്‌ഐ. കേരള സർവകലാശാല, പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് സമ്പൂർണാധിപത്യം. കേരളയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 18ൽ 18കോളേജിലും പോളിടെക്നിക്കിൽ രണ്ടു കോളേജിലും എസ്‌എഫ്‌ഐ മിന്നും നേട്ടം കൊയ്‌തു. കെഎസ്‌യു–എബിവിപി--– ക്യാമ്പസ് ഫ്രണ്ട്– ജമാഅത്ത് ഇസ്ലാമി– എംഎസ്‌എഫ് വർഗീയ കൂട്ടുകെട്ടുകളെ നിലംപരിശാക്കിയാണ് വിജയം. നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ 15 കോളേജിൽ എതിരില്ലാതെ വിജയിച്ചിരുന്നു. ക്രിസ്‍ത്യൻ കോളേജ് ചെങ്ങന്നൂർ, ഐഎച്ച്ആര്‍ഡി പേരിശേരി മാന്നാർ, മാർ ഇവാനിയോസ് മാവേലിക്കര, ഐഎച്ച്ആര്‍ഡി മാവേലിക്കര, ജി – സിഎൽഎആര്‍ കോളേജ് കായംകുളം, ടികെഎംഎം ഹരിപ്പാട്, ആലപ്പുഴ എസ്‍ഡിവി കോളേജ്, ഫൈൻ ആര്‍ട്സ് കോളേജ് മാവേലിക്കര, ചെങ്ങന്നൂര്‍ ആല എസ് എൻ കോളേജ്, ഐഎച്ച്ആര്‍ഡി കാർത്തികപ്പള്ളി, ആലപ്പുഴ എസ്‌ഡി, ചേർത്തല എൻഎസ്‍എസ്, ചേർത്തല എസ്‍എൻ, ചേർത്തല സെന്റ് മൈക്കിൾസ്, ചേർത്തല പോളിടെക്നിക്ക് എന്നീ കോളേജുകളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ ജയിച്ചു. ആലപ്പുഴ എംഎൽഎ എ ഡി തോമസിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ കെഎസ്‍യുവിന് മാവേലിക്കര ബിഷപ്മൂര്‍, കായംകുളം എംഎസ്എം, അമ്പലപ്പുഴ ഗവ. കോളേജ്, കായംകുളം പോളിടെക്നിക് എന്നിവിടങ്ങളിൽ മാത്രമാണ് സ്ഥാനാർഥികളെ നിർത്താനായത്. ശ്രീ അയ്യപ്പകോളേജിൽ സ്ഥാനാർഥികളെ നിർത്താതെ എബിവിപിയെ പിന്തുണച്ചെങ്കിലും വിജയിച്ചില്ല. കായംകുളം പോളിയിൽ ഇരുന്നൂറോളം വോട്ടിനാണ് എസ്‌എഫ്‌ഐ വിജയം. കാമ്പസുകളെ സർഗാത്മകമാക്കാൻ എസ്‌എഫ്‌ഐ നടത്തുന്ന നിരന്തര ഇടപെടലിന് അംഗീകാരം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ് അനന്ദു അജി, സെക്രട്ടറി വൈഭവ് ചാക്കോ എന്നിവർ അഭിവാദ്യംചെയ്‌തു.









0 comments