ad
Deshabhimani

വേണം; കൂടുതൽ യോജിച്ച 
പോരാട്ടങ്ങൾ

കർഷകസംഘം സംസ്ഥാന സമ്മേളനനഗറിലെ  രക്തസാക്ഷി മണ്ഡപത്തിൽ 
പ്രതിനിധികൾ പുഷ്പാർച്ചന നടത്തുന്നു
വെബ് ഡെസ്ക്

Published on Sep 19, 2026, 02:22 AM | 2 min read

കെ വി രാമകൃഷ്‌ണൻ നഗർ ( കാമിലോട്ട്‌ കൺവൻഷൻ സെന്റർ)

ഏകാധിപത്യഭരണകാലത്ത്‌ കൂടുതൽ യോജിച്ചുള്ള പോരാട്ടങ്ങൾക്ക്‌ ആഹ്വാനംചെയ്‌ത്‌ സെമിനാർ. കർഷകസംഘം 28-–ാമത്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ്‌ ‘വളരുന്ന സമരങ്ങളും തുറന്നുകാട്ടപ്പെടുന്ന ഭരണകൂടവും’ സെമിനാർ സംഘടിപ്പിച്ചത്‌. സ്‌ത്രീകളും കുട്ടികളും തൊഴിലാളികളും കർഷകരും കർഷകതൊഴിലാളികളും നാനാവിഭാഗം ജനങ്ങളും ചേർന്നുകൊണ്ടുള്ള പോരാട്ടങ്ങളിലുടെ മാത്രമേ രാജ്യത്തിന്റെ മോചനം സാധ്യമാകൂവെന്ന്‌ സെമിനാർ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക് ധാവ്‌ളെ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. വിദ്യാഭ്യാസത്തിനായി സമരംചെയ്‌ത്‌ തീവ്രവാദികളായി മുദ്രകുത്തപ്പെടേണ്ടിവരുന്ന അവസ്ഥയാണ്‌ രാജ്യത്തെ വിദ്യാർഥികൾക്കെന്ന്‌ മുഖ്യപ്രഭാഷണത്തിൽ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജി പറഞ്ഞു. പ്രവേശന പരീക്ഷകളുടെ നടത്തിപ്പിനായി മോദി സർക്കാർ കൊണ്ടുവന്ന നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നാഷണൽ ടോർച്ചറിങ്‌ ഏജൻസിയായി. വിദ്യാഭ്യാസമേഖലയെ കമ്പോളവൽക്കരിക്കുകയും കേന്ദ്രീകരിപ്പിക്കുകയും വർഗീയവൽക്കരിക്കുകയുമാണ്‌ മോദി ഭരണം. ജന്തർമന്ദിറിൽ നടന്ന വിദ്യാർഥികളുടെ സമരവിജയം രാജ്യത്ത്‌ 12 വർഷത്തിനിടെ നടന്ന സമരങ്ങളുടെ ആകെത്തുകയാണ്‌. അത്‌ മുഴുവൻ ജനങ്ങളുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ അനുകൂല സാമ്പത്തിക ഉദാരവൽക്കരണനയങ്ങളെ​ അന്ധമായി സ്വീകരിക്കുന്ന ബിജെപി സർക്കാർ നയം രാജ്യത്തിന്റെ കാർഷിക മേഖലയെ തകർക്കുകയാണെന്ന്‌ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ പറഞ്ഞു. കാർഷിക ഭൂപരിഷ്‌കരണ നയങ്ങളിൽനിന്ന്‌ പിറകോട്ട്‌ പോകാൻ തീരുമാനിച്ചതോടെ ഭൂമി വൻതോതിൽ വികസന പദ്ധതികളുടെ പേരിൽ കുത്തകകളിലേക്ക്‌ കൈമാറ്റം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. വികസന പദ്ധതികൾക്ക്‌ ആവശ്യമായ പരിധിക്കപ്പുറം ഭൂമിയാണ്‌ ഇങ്ങനെ കുത്തകകളിൽ എത്തുന്നത്‌. അവർക്ക്‌ ഇത്‌ കൊള്ളലാഭമാണ്‌ നൽകുന്നത്‌. ആർഎസ്‌എസ്സിന്റെ വലതുപക്ഷവൽക്കരണത്തിന്റെ ഏറ്റവും അപകടകരമായ സ്ഥിതിയിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. അക്കാലത്ത്‌ പ്രക്ഷോഭസമരങ്ങൾക്ക്‌ രൂപം നൽകുകയെന്നാൽ പ്രയാസകരമാണ്‌. എന്നാൽ അക്കാലത്തും പ്രതീക്ഷനൽകുന്ന സമരവിജയങ്ങളുണ്ടാകുന്നുണ്ട്‌. ജന്തർമന്ദിർ സമരം അത്തരത്തിലൊന്നാണ്‌. അത്‌ തെളിയിക്കുന്നത്‌ സമരവഴികളാണ്‌ നാടിന്റെ പ്രതിരോധത്തിന്റെ കരുത്ത്‌ എന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. സെമിനാർ കമ്മിറ്റി ചെയർമാൻ കെ പ്രസാദ്‌ സ്വാഗതം പറഞ്ഞു. എം വിജയകുമാർ, വത്സൻ പനോളി, ഇ പി ജയരാജൻ, പി കൃഷ്‌ണപ്രസാദ്‌, കെ എൻ ബാലഗോപാൽ, സി എസ്‌ സുജാത, എം സ്വരാജ്‌, എ സി മൊയ്‌തീൻ, കെ എച്ച്‌ ബാബുജാൻ, എ എം ആരിഫ്‌, പി പി ചിത്തരഞ്‌ജൻ, എച്ച്‌ സലാം, ചിന്താ ജെറോം, വത്സല മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. എം എ റസൂൽ രചിച്ച ‘കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം’ ഇംഗ്‌ളീഷ്‌ പുസ്‌തകത്തിന്റെ മലയാളം പരിഭാഷ അശോക്‌ ധാവ്‌ളെ ഇ പി ജയരാജന്‌ നൽകി പ്രകാശിപ്പിച്ചു. കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പ്രകാശനാണ്‌ പരിഭാഷ നിർവഹിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home