വിദ്യാർഥിയുടെ ആത്മഹത്യ
നവോദയയിലേക്ക് എസ്‌എഫ്‌ഐ മാർച്ച്

ചെന്നിത്തല നവോദയ വിദ്യാലയത്തിൽ തൂങ്ങിമരിച്ച അഭിഗീതിന്റെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിക്കുന്നു
മാന്നാർ
ചെന്നിത്തല നവോദയ വിദ്യാലയത്തിലെ പ്ലസ്‌വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി നവോദയ വിദ്യാലയത്തിലേക്ക് മാർച്ച് നടത്തി. മാർച്ചിനുനേരെ പൊലീസ് ലാത്തിവീശി. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ സ്കൂൾ അങ്കണത്തിൽ കയറി പ്രിൻസിപ്പൽ ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുട്ടികളെ മാനസികമായി തളർത്തുന്ന സംഭവങ്ങളാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. പ്രവർത്തകരെ പൊലീസ് അറസ്‌റ്റുചെയ്ത് നീക്കി. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് അനന്തു അജി ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സമീർ, മേഘ, വൈസ് പ്രസിഡന്റ് അൻഷാദ്, സെക്രട്ടറിയറ്റ് അംഗങ്ങളായ ആഷിക്, മഹേഷ് എന്നിവർ സംസാരിച്ചു. കായംകുളം അഭിരാമത്തിൽ അഭിഗീതിനെയാണ് (16) സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയുടെ സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നേരത്തെ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ ഇടനാഴിയിൽ വിദ്യാർഥിനി കമ്പിയിൽ കെട്ടിത്തൂങ്ങി മരിച്ചിരുന്നു. വകുപ്പുതല അന്വേഷണം നടത്തും: സജി ചെറിയാൻ കായംകുളം ചെന്നിത്തല നവോദയ വിദ്യാലയത്തിൽ പ്ലസ്‌വൺ വിദ്യാർഥി അഭിഗീത് തൂങ്ങിമരിച്ച സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതുകൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ കൂടി അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയവിളയിലുളള വസതിയിൽ അന്ത്യോപചാരം അർപ്പിച്ച ശേഷം അഭിഗീതിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് സുനിൽകുമാർ, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ജെസി കോശി, സിപിഐ എം പുതിയവിള ലോക്കൽ സെക്രട്ടറി സി അജികുമാർ, മുതുകുളം ബിഡിഒ ആഷ്ലി നായർ, ഐ റഫീക്ക്, എൻ ശ്രീകുമാർ, കെ ആർ രാജേഷ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. യു പ്രതിഭ എംഎൽഎയും വീട് സന്ദർശിച്ചു.










0 comments