സ്മരണാഞ്ജലിയേകി മുഹമ്മ
കണ്ണീർ തോരാതെ കായൽ തീരം


സ്വന്തം ലേഖകൻ
Published on Jul 28, 2026, 01:59 AM | 1 min read
മുഹമ്മ
കുമരകം ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മുഹമ്മ ഗ്രാമം സ്മരണാഞ്ജലിയേകി. വാർഷികദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം. ദുരന്തത്തിൽ ഒരുപിഞ്ചുകുഞ്ഞ് ഉൾപ്പെടെ മരിച്ച 29 പേരുടെയും ചിത്രങ്ങൾക്ക് മുന്നിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. വേമ്പനാട്ടുകായലിൽ 24 വർഷം മുന്പായിരുന്നു നാടിനെ കണ്ണീർകായലിൽ മുക്കിയ ബോട്ടപകടം. മുഹമ്മയിൽനിന്ന് കുമരകത്തേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. ഡിവൈഎഫ്ഐ മുഹമ്മ മേഖല കമ്മിറ്റി നേതൃത്വത്തിൽ ബോട്ട് ജെട്ടിയിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി എം എസ് അരുൺ ഉദ്ഘാടനംചെയ്തു. വി വിഷ്ണു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, വി ശാരിമോൾ, ജീവൻദാസ്, എം സജിമോഹൻ, അശ്വിൻ ബിജു എന്നിവർ സംസാരിച്ചു. എഐവൈഎഫ്, ബോട്ട് പാസഞ്ചേഴ് സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും ഓർമപ്പൂക്കൾ അർപ്പിച്ചു. അരങ്ങ് സോഷ്യൽ സർവീസ് സംഘടന സ്മരണാഞ്ജലി ഗാനാലാപനവും പുഷ്പാർച്ചനയും നടത്തി. "സ്മരണകളുണരും തീരം, ഈ കണ്ണീർ കായൽ തീരം, സ്‌മൃതിപഥങ്ങളിൽ അരങ്ങൊരുക്കും ദീപങ്ങൾ.... ഈ നിറദീപങ്ങൾ' –സഹോദരിമാരായ സ്വാതിയും ശ്രുതിയും ചേർന്ന് സ്മരണാഞ്ജലി ഗാനം ആലപിച്ചു. വിജു ദാസനും ജീമോൻ മുഹമ്മയും ചേർന്ന് എഴുതിയ അനുസ്മരണ ഗാനത്തിന് ആലപ്പി ഋഷികേശാണ് ഈണം പകർന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാർ അനുസ്മരണം ഉദ്ഘാടനംചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്തംഗം സജി, ബേബി തോമസ്, അഭിലാഷ്, ചന്ദ്രൻ കറുകക്കളം, ആർട്ടിസ്റ്റ് ബേബി, പ്രകാശൻ തണ്ണീർമുക്കം, അനിൽ ആര്യാട്, സി പി ഷാജി, വിജയകുമാർ കണ്ണാട്ട് എന്നിവർ സംസാരിച്ചു .










0 comments