ad
Deshabhimani

പ്രതിഷേധം ആളിപ്പടരുന്നു

Paper Cutting
avatar
സ്വന്തം ലേഖകൻ

Published on Jul 17, 2026, 02:06 AM | 1 min read

ചാരുംമൂട്

നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ പി കൃഷ്ണപിള്ള സാംസ്കാരിക നിലയം നിർമിക്കാൻ വിട്ടുനൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ വ്യാപകപ്രതിഷേധം. നാടിന്റെ കലാ സാംസ്കാരിക രംഗം ചലനാത്മകമാക്കാൻ ഉതകുന്ന പദ്ധതിയാണ് എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുവച്ചത്. ഇതിനായി ലെപ്രസി സാനിറ്റോറിയത്തിലെ അഞ്ചേക്കർ ഭൂമിയാണ് സാംസ്കാരിക നിലയം നിർമിക്കാൻ വിട്ടുനൽകിയത്. നാലരയേക്കർ സ്ഥലത്ത് നാടകശാല, സിനിമാ തിയറ്റർ, സംഗീതശാല, ഒപ്പറ ഹൗസ്, ആർട്ഗ്യാലറി, പുസ്തകകടകൾ, സെമിനാർ ഹാളുകൾ, ശിൽപ്പികൾക്കും കരകൗശല വിദ്യക്കാർക്കും ഉള്ള പണിശാലകൾ, നാടക റിഹേഴ്സൽ സൗകര്യം, കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ഹ്രസ്വകാല താമസസൗകര്യങ്ങൾ, അവശകലാകാരന്മാരെ സംരക്ഷിക്കാനുള്ള കേന്ദ്രം എന്നിവയാണ്‌ ഉൾപ്പെട്ടിരുന്നത്‌. കേരളത്തിലെ 14 ജില്ലകളിലും നവോത്ഥാന, സാംസ്‌കാരിക നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുന്നതിനാണ് എൽഡിഎഫ-്‌ സർക്കാർ തീരുമാനിച്ചത്‌. ​തിരുവനന്തപുരത്ത്‌ – അയ്യങ്കാളി, കൊല്ലത്ത്‌ –ശ്രീനാരായണഗുരു, ആലപ്പുഴ – പി കൃഷ്ണപിള്ള, പത്തനംതിട്ട – ചട്ടമ്പിസ്വാമികൾ, ഇടുക്കി– അക്കാമ്മ ചെറിയാൻ, കോട്ടയം – ലളിതാംബിക അന്തർജനം, എറണാകുളം – സഹോദരൻ അയ്യപ്പൻ, തൃശൂർ– വള്ളത്തോൾ നാരായണമേനോൻ, പാലക്കാട് – വി ടി ഭട്ടതിരിപ്പാട്‌, മലപ്പുറം – മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌, കോഴിക്കോട്ട്‌ – വൈക്കം മുഹമ്മദ് ബഷീർ, വയനാട് –എടച്ചേന കുങ്കൻ, കണ്ണൂർ– വാഗ്‌ഭടാനന്ദൻ, കാസർകോട്‌ – സുബ്രഹ്മണ്യൻ തിരുമുമ്പ്‌ എന്നിവരുടെ പേരുകളാണ്‌ നിലയങ്ങൾക്ക്‌ നൽകിയിരുന്നത്‌ . 40 കോടി രൂപയാണ് നിർമാണച്ചെലവ്‌ കണക്കാക്കിയത്. കൊല്ലം, പാലക്കാട്‌, കാസർകോട്‌ എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായി. കൊല്ലത്ത്‌ ശ്ര‍ീനാരായണഗുരുവിന്റെ പേരിലുള്ള കേന്ദ്രത്തിൽ സാംസ്‌കാരിക നിലയം, തിയറ്റർ, നാടകശാല, ചിത്രകാരൻ എ രാമചന്ദ്രന്റെ കുടുംബാംഗങ്ങൾ സംസ്ഥാന സർക്കാരിന്‌ കൈമാറിയ ചിത്രങ്ങൾ അടങ്ങിയ എ രാമചന്ദ്രൻ ഗാലറി എന്നിവ ഒരുക്കിയിട്ടുണ്ട്‌. ​നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ സാംസ്കാരിക സമുച്ചയത്തിൽ, ജീവിതത്തിലെ നല്ലകാലം കലകൾക്കായി സമർപ്പിക്കുകയും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടുകയും ചെയ്ത കലാകാരന്മാർക്ക് അഭയകേന്ദ്രം ഒരുക്കുന്നതിനും പദ്ധതിയുണ്ട്‌. ഇത്‌ മുഴുവനായി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home