കുട്ടനാടിനെ അവഹേളിച്ചതിൽ പ്രതിഷേധം
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മങ്കൊമ്പ്
ചരിത്രപ്രസിദ്ധമായ മൂലം ജലോത്സവത്തിന് പ്രാദേശിക അവധി സംബന്ധിച്ച സബ്‌മിഷനിൽ കുട്ടനാടിനെ അപമാനിച്ച മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധം കനക്കുന്നു. അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഹങ്കാരം നിറഞ്ഞ നിലപാടിനെതിരെ കുട്ടനാട്ടിൽ ചമ്പക്കുളം മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചന്പക്കുളം ബസ് സ്‌റ്റാൻഡിൽ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. സബ്‌മിഷന്റെ മറുപടിയിൽ അവധി അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ഒൗദ്യോഗികമായി പറഞ്ഞ ശേഷം തൊട്ടടുത്തിരുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സ്വകാര്യമായി പറഞ്ഞതാണ് വിവാദമായത്. മറ്റ് വിഷയങ്ങളിലെന്നപോലെ ഇതിലും ഇരട്ടത്താപ്പ് കാട്ടിയ സതീശൻ കുട്ടനാടൻ ജനതയെയും കുട്ടനാട്ടിലെ വള്ളംകളി പ്രേമികളെയും മൂലം ജലോത്സവത്തെയുമാണ് ഒരേസമയം അപമാനിച്ചതെന്ന് പ്രതിഷേധിക്കാനെത്തിയവർ പറഞ്ഞു. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭരണകക്ഷി എംഎൽഎയായ റെജി ചെറിയാന്റെ ആവശ്യം നിരാകരിച്ചതിലൂടെ അദ്ദേഹത്തിന്റെ മുഖത്ത്‌കൂടിയാണ് അടിയേറ്റത്. ചമ്പക്കുളം ബസ് സ്‌റ്റാൻഡിൽ നടന്ന പ്രതിഷേധയോഗം മുൻ എംഎൽഎ കെ കെ ഷാജു ഉദ്ഘാടനംചെയ്‌തു. ഫാൻസ് ക്ലബ് പ്രസിഡന്റും ചമ്പക്കുളം മൂലം ജലോത്സവസമിതി എക്‌സിക്യൂട്ടീവ് അംഗവുമായ കെ ജി അരുൺകുമാർ അധ്യക്ഷനായി. ക്ലബ് സെക്രട്ടറി എം എസ് ശ്രീകാന്ത്, സിപിഐ എം ചമ്പക്കുളം ലോക്കൽ സെക്രട്ടറി രജനി അജിത്ത്കുമാർ, അജു ആനന്ദ്, കെ എസ് ശ്രീകാന്ത്, ചമ്പക്കുളം വികസനസമിതി സെക്രട്ടറി അഗസ്‌റ്റിൻ ജോസ്, തോമസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.










0 comments