ad
Deshabhimani

സ്നേഹസന്ദേശമായി നബിദിനം

Nabidinam

മുതുകുളം ഹഖീഖത്തുൽ ഇസ്ലാം മദ്രസയുടെ മിലാദ് സന്ദേശറാലി

വെബ് ഡെസ്ക്

Published on Sep 07, 2025, 02:06 AM | 2 min read

ആലപ്പുഴ

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ വെള്ളിയാഴ്‌ച നബിദിനം ആഘോഷിച്ചു. വിവിധ മഹല്ലുകളുടെയും മസ്​ജിദുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളോടെയാണ്​ നബിദിനത്തെ വരവേറ്റത്. മദ്​റസ വിദ്യാര്‍ഥികളുടെ റാലിയും പള്ളികൾ കേ​ന്ദ്രീകരിച്ച്​ മൗലിദ് പാരായണവും ദുഃആ മജ്​ലിസും സ്വലാത്തും മതപ്രഭാഷണവും അന്നദാനവുമുണ്ടായി. ആലപ്പുഴയിൽ ലജ്​നത്തുൽ മുഹമ്മദിയയുടെ നബിദിനറാലി മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതി. നഗരവീഥികളിൽ പ്രവാചക പ്രകീർത്തനങ്ങളും ബൈത്തുകളും സ്വലാത്തുകളും മുഴങ്ങി​. ലജ്​നത്ത്​ ഗ്രാന്റ്‌ ​ഹാളിൽ പൊതുസമ്മേളനം മുഹമ്മദ് ഹനീഫ് ഉദ്ഘാടനംചെയ്​തു. ലജ്നത്തുൽ മുഹമ്മദിയ പ്രസിഡന്റ് എ എം നസീർ അധ്യക്ഷനായി. മുനീർ ഹുദവി വിളയിൽ, എം അബ്ദുൽ മജീദ് അരിയല്ലൂർ എന്നിവർ നബിദിനസന്ദേശം നൽകി. നബിദിന ജാഥയിൽ വിപുലതയ്‌ക്ക്​ എ​ ഗ്രൂപ്പിൽ തഹ്ദീബുൽ മുസ്​ലിം അസോസിയേഷൻ വലിയകുളം മഹല്ലും ബി ​ഗ്രൂപ്പിൽ ദറസ്​ ജുമാമസ്ജിദ് മഹല്ലും സി ​ഗ്രൂപ്പിൽ പുത്തൻ മസ്ജിദ് മഹല്ലും ഒന്നാംസ്ഥാനം നേടി. ചാരുംമൂട് നബിദിനാഘോഷത്തിന്റെ ഭാഗമായി ചാരുംമൂട് മേഖലയിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് നബിദിന റാലികളും, മത വിജ്ഞാന, മതസൗഹാർദ സമ്മേളനങ്ങളും സംഘടിപ്പിച്ചു. ആദിക്കാട്ടുകുങ്ങര മുസ്ലിം ജമാഅത്ത്‌ നബിദിനറാലി സംഘടിപ്പിച്ചു. താമരക്കുളം കല്ലൂർ പള്ളി മുസ്ലിം ജമാഅ ത്തിന്റെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. മദ്രസാ വിദ്യാർഥികളും ജമാഅത്ത് അംഗങ്ങളും പങ്കെടുത്തു. ചുനക്കര തെക്ക്, വടക്ക്, നൂറനാട്, കടുവിനാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും നബിദിന റാലി സംഘടിപ്പിച്ചു. കാർത്തികപ്പള്ളി പടിഞ്ഞാറെമുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലിയും മൗലൂദ് സദസും സംഘടിപ്പിച്ചു. ജമാഅത്ത് പള്ളിയിൽ നടന്ന മൗലൂദ് സദസിന് ചീഫ് ഇമാം ഹാരിസ് സഖാഫി, മുഹമ്മദ് കുഞ്ഞ് സഖാഫി, അബ്ദുസലാം മുസ്‌ലിയാർ എന്നിവർ നേതൃത്വംനൽകി. കിഴക്കേ മുട്ടം മുഹിയദ്ദീൻ മസ്ജിദിൽ മൗലൂദ് സദസിന്‌ പി എസ് എം അഷറഫ് മുസ്‌ലിയാർ നേതൃത്വം നൽകി. ദാറുൽ മുസ്തഫ മദ്രസയിൽ തുഫൈൽ നിസാമി നേതൃത്വംനൽകി. കിഴക്കേ മുട്ടം മുഹിയദ്ധീൻ പള്ളിയിൽനിന്ന്‌ ആരംഭിച്ച റാലി നഗരംചുറ്റി പടിഞ്ഞാറേമുട്ടം പള്ളിയിൽ സമാപിച്ചു. ജമാഅത്തിലെ മൂന്ന് മദ്രസകളിലെ വിദ്യാർഥികളും റാലിയിൽ അണിനിരന്നു. വിദ്യാർഥികളുടെ ദഫ് അകമ്പടിയേകി. ജാതിമത ഭേദമന്യേ വിവിധ സ്ഥലങ്ങളിൽ റാലിയെ സ്വീകരിച്ചു. റാലിക്ക് ശേഷം പള്ളിയിൽ അന്നദാനം നടത്തി. ജമാഅത്ത് പ്രസിഡന്റ് ബദറുദ്ദീൻ, സെക്രട്ടറി ഷാജി, ട്രഷറർ മുജീബ് എന്നിവർ നേതൃത്വം നൽകി. ​കായംകുളം ​കുറ്റിത്തെരുവ് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനത്തിൽ മീലാദ് റാലിയും സമ്മേളനവും സംഘടിപ്പിച്ചു. കുറ്റിത്തെരുവ് ജുമുഅ മസ്ജിദ് അങ്കണത്തിൽനിന്ന് ആരംഭിച്ച റാലിക്ക് പണ്ഡിതരും പരിപാലന സമിതി അംഗങ്ങളും നേതൃത്വംനൽകി. നബിദിന സമ്മേളനം ജമാഅത്ത് ചീഫ് ഇമാം പി കെ എം ജലാലുദ്ദീൻ മദനി ഉദ്ഘാടനംചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ അബ്ദുൽ ഷുക്കൂർ അൽബറക്കത്ത് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home