ഡോ. ഷിബു എസ് കൊട്ടാരം അന്തരിച്ചു

തൃശൂർ: പ്രശസ്‌ത നാടക സംവിധായകൻ ഡോ. ഷിബു എസ് കൊട്ടാരം (57) അന്തരിച്ചു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ അധ്യാപകനാണ്. കുറച്ചുകാലമായി ചികിൽസയിലായിരുന്നു. കോട്ടയം പാലാ നീലൂർ സ്വദേശിയാണ്. ‘ ഫ്രീഡം റോഡ് ’ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിരാന, കനൽപ്പാത, കർണഭാരം, സ്പാർട്ടക്കസ്, സമയതീരം തുടങ്ങിയ നാടകങ്ങളും സംവിധാനംചെയ്തു. പോണ്ടിച്ചേരി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും അധ്യാപകനായിരുന്നു. 2000 മുതൽ 2004വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. 1993-ൽ ഷിബു സംവിധാനംചെയ്ത ‘സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ’ സംസ്ഥാന നാടക അവാർഡുകൾ വാരിക്കൂട്ടി. 2015-ൽ സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു.
ഭാര്യ: ഡോ. ജീവ (പോണ്ടിച്ചേരി സർവകലാശാലയിൽ നാടകാധ്യാപിക). മക്കൾ: ഡോ.ജിഷ (പോണ്ടിച്ചേരി), ശിവ, ദേവ (ഇരുവരും വിദ്യാർഥികൾ). ദയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച പകൽ 11 മുതൽ ഒന്നുവരെ സ്കൂൾ ഓഫ് ഡ്രാമയിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് പാലാ നീലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.
ഷിബു എസ് കൊട്ടാരത്തിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് അനുശോചനം രേഖപ്പെടുത്തി. സംവിധാനം, ദീപാലങ്കാരം, അധ്യാപനം തുടങ്ങിയ മേഖലകളിൽ തിളങ്ങിയ തിയറ്റർ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു.കണ്ണൂർ സംഘചേതനയുടെ നാടകങ്ങൾ ഉൾപ്പടെ മലയാള നാടക വേദിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നെന്നും അദ്ദേഹം പറഞ്ഞു.










0 comments